
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ ആറ് പേർ മരിക്കാനിടയായ ദുരന്തമുണ്ടായത് അപ്രതീക്ഷിതമായുണ്ടായ തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതിനാലെന്ന് റിപ്പോർട്ട്. വൈകുണ്ഠ ഏകാദശി ഉത്സവം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ടിക്കറ്റ് കൗണ്ടറുകളിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ഗേറ്റ് തുറന്നതോടെ നിയന്ത്രണാതീതമായി ജനം തള്ളിക്കയറുകയായിരുന്നു. ഇന്ന് മുതൽ 19 വരെ നടക്കുന്ന ഏകാദശി ദർശൻ കൂപ്പൺ വിതരണം ചെയ്യുന്നതിനായി ഒമ്പത് കേന്ദ്രങ്ങളിൽ 94 കൗണ്ടറുകളാണുണ്ടായിരുന്നത്. ക്യൂവിൽ നിന്ന മല്ലിക എന്ന സ്ത്രീ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലെത്തിക്കാനായി ഗേറ്റ് തുറന്നപ്പോൾ മറുഭാഗത്തുള്ള ഭക്തർ ഇരച്ചെത്തി. മരിച്ച ആറു പേരിൽ ഒരാൾ മല്ലികയാണ്. 1.2 ലക്ഷം ടോക്കണുകൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കൗണ്ടറുകളിൽ ആയിരക്കണക്കിന് ആളുകൾ ഒരു ദിവസം മുൻപുതന്നെ ഒത്തുകൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു തുടങ്ങിയവർ അനുശോചിച്ചു.
മരിച്ചവരുടെ
കുടുംബത്തിന് 25 ലക്ഷം
അതിനിടെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്രാസർക്കാർ 25 ലക്ഷം രൂപ പ്രഖ്യാപിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. അപകട സ്ഥലത്തും നായിഡു എത്തിയിരുന്നു. മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു.
ദുരന്തത്തിന്റെ ഉത്തരവാദിത്വം നായിഡു ഏറ്റെടുക്കണം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം
-ബി. കരുണാകർ റെഡ്ഡി
വൈ.എസ്.സി.ആർ.പി നേതാവ്
അവശയായ സ്ത്രീയെ സഹായിക്കാൻ ഒരു ഗേറ്റ് തുറന്നു. ജനക്കൂട്ടം ഒന്നടങ്കം ഇരച്ചുകയറി.
തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ അഭാവമാണ് അപകടമുണ്ടാക്കിയത്
- ബി.ആർ.നായിഡു
ടി.ടി.ഡി ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |