SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

വേദമന്ത്രങ്ങളിൽ ലയിച്ച് അയോദ്ധ്യ; പ്രാണപ്രതിഷ്ഠാ വാർഷിക ആഘോഷത്തിന് തുടക്കം

d

ന്യൂഡൽഹി: വേദമന്ത്രങ്ങളിൽ മുഴുകി അയോദ്ധ്യ നഗരം. ഭക്തരുടെ ഒഴുക്ക്. രാമക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാണപ്രതിഷ്‌ഠാ ചടങ്ങുകളുടെ ഒന്നാം വാർഷികാഘോഷത്തിന് ഇന്നലെ തുടക്കമായി. മൂന്നു ദിവസത്തെ ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക പൂജയും മഹാ ആരതിയുമുണ്ട്. കഴിഞ്ഞ വർഷം ജനുവരി 22 ന് പൗഷ ശുക്ള ദ്വാദശി ദിനത്തിലായിരുന്നു പ്രാണപ്രതിഷ്‌ഠ. ഇക്കൊല്ലം ഈ വിശേഷ ദിനം ഇന്നലെയായിരുന്നു.

മുഖ്യപുരോഹിതൻ സത്യേന്ദ്ര ദാസിന്റെ നേതൃത്വത്തിൽ നടന്ന മഹാ ആരതിയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് യാഗമണ്ഡപത്തിൽ വേദമന്ത്രണങ്ങളോടെ ഹവനം. നാളെ സമാപന ചടങ്ങിനോടനുബന്ധിച്ചും മഹാ ആരതിയുണ്ടാകും.

വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ക്ഷേത്ര ദർശനം നടത്തി. രാമമന്ദിർ സമുച്ചയത്തിലെ അംഗദ് തിലയിൽ നടന്ന പ്രതിഷ്ഠാ വാർഷിക ചടങ്ങ് ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. തുടർന്ന് രാമജന്മഭൂമി സമുച്ചയത്തിൽ സന്യാസിമാർക്കൊപ്പം ഭക്ഷണ പ്രസാദം കഴിച്ചു. ഉച്ചയ്ക്ക് രണ്ടിന് അംഗദ് തില പരിപാടി വേദിയിൽ നടന്ന പൊതുയോഗത്തിലും ആദിത്യനാഥ് പങ്കെടുത്തു. വാർഷിക ചടങ്ങിലേക്ക് 2,000ത്തോളം അതിഥികളെ ക്ഷണിച്ചിട്ടുണ്ട്.

50 ക്വിന്റലിൽ അധികം പൂക്കൾ കൊണ്ടാണ് ക്ഷേത്ര സമുച്ചയം അലങ്കരിച്ചിരിക്കുന്നത്. ക്ഷേത്ര നഗരിയും പരിസരവും ഭക്തജനങ്ങളാൽ നിബിഡമാണ്. ഹോട്ടലുകളിൽ മുറികൾ കിട്ടാനില്ല.

ത്യാഗത്തിന്റെ

ഫലം: മോദി

രാം ലല്ല വിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് ആശംസ നേർന്നു. ഇന്ത്യൻ സംസ്കാരത്തിന്റെയും ആത്മീയതയുടെയും മഹത്തായ പൈതൃകമാണ് ക്ഷേത്രമെന്ന് മോദി വിശേഷിപ്പിച്ചു, നൂറ്റാണ്ടുകളുടെ ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും സമർപ്പണത്തിന്റെയും ഫലമായാണ് ക്ഷേത്രം നിർമ്മിച്ചത്. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞ സാക്ഷാത്കരിക്കുന്നതിന് ഈ ദിവ്യവും മഹത്തരവുമായ രാമക്ഷേത്രം വലിയ പ്രചോദനമാകുമെന്ന് ഉറപ്പുണ്ട്- മോദി പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ പ്രാണപ്രതിഷ്‌ഠാ ചടങ്ങിന് സാക്ഷ്യം വഹിച്ച പ്രധാനമന്ത്രി വാർഷിക ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360