
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് അന്ത്യം കുറിക്കാൻ 1965ലെ യുദ്ധ വിജയം അവസരം നൽകിയെങ്കിലും അന്നത്തെ സർക്കാർ ഉപയോഗപ്പെടുത്തിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാക് അധീന കാശ്മീർ ഇല്ലാതെ ജമ്മു കാശ്മീർ അപൂർണ്ണമാണെന്നും പറഞ്ഞു. ജമ്മുവിലെ അഖ്‌നൂരിൽ സായുധ സേനാ വെറ്ററൻസ് ദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1965ൽ അന്നത്തെ ലാൽ ബഹദൂർ ശാസ്ത്രി സർക്കാരിന് അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാമായിരുന്നു. അഖ്‌നൂരിൽ അന്ന് നടന്ന യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തി. എന്നാൽ യുദ്ധത്തിൽ നേടിയ തന്ത്രപരമായ നേട്ടത്തെ ഉപയോഗപ്പെടുത്താൻ അന്നത്തെ സർക്കാരിന് കഴിഞ്ഞില്ല. 1965 മുതലാണ് പാകിസ്ഥാൻ നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റവും ഭീകരതയും പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. സർക്കാർ നടപടിയെടുത്തിരുന്നെങ്കിൽ ഭീകരർ അതിർത്തി കടന്നു വരുന്ന വഴികൾ അന്ന് അടയ്‌ക്കാമായിരുന്നു. മോദി സർക്കാർ 370-ാം വകുപ്പ് റദ്ദാക്കി ഭീകരത അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഇന്ന് സ്ഥിതിഗതികൾ മാറിയെന്നും രാജ്നാഥ് ചൂണ്ടിക്കാട്ടി.
അധിനിവേശ കാശ്മീർ
ഇല്ലാതെ അപൂർണം
അധിനിവേശ കാശ്‌മീർ ഇന്ത്യയുടെ നെറ്റിയിലെ അലങ്കാരമാണ്. അവിടമില്ലാതെ ജമ്മുകാശ്‌മീർ അപൂർണമാണ്. 1947ൽ പാകിസ്ഥാൻ നമ്മുടെ പ്രദേശം നിയമവിരുദ്ധമായി കൈവശപ്പെടുത്തി. അധിനിവേശ കാശ്‌മീർ പാകിസ്ഥാന് ഒരു വിദേശ പ്രദേശം മാത്രമാണ്. അവിടം അവർ ഭീകരതയുടെ ബിസിനസ് നടത്താൻ ഉപയോഗിക്കുന്നു. ഭീകര പരിശീലന ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ആ ക്യാമ്പുകൾ പാകിസ്ഥാൻ നശിപ്പിക്കേണ്ടിവരുമെന്നും അല്ലാത്തപക്ഷം തിരിച്ചടി നേരിടേണ്ടി വരുമെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ഡൽഹിക്കും ജമ്മു കാശ്മീരിനും ഇടയിലെ ദൂരം കുറയ്‌ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം നടപ്പാക്കാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശ്രമിക്കുന്നുണ്ടെന്നും രാജ്നാഥ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |