
മുംബയ് : വിഖ്യാത ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബയിലെ വീടിനുള്ളിൽ അക്രമി കുത്തിവീഴ്‌ത്തി. ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം അപകടനില തരണം ചെയ്‌തു. ഇന്നലെ പുലർച്ചെ 2.30ഓടെ ബാന്ദ്രയിലെ ആഢംബര വസതിയിലായിരുന്നു രാജ്യത്തെയും ബോളിവുഡിനെയും ഞെട്ടിച്ച സംഭവം. പ്രതിയുടെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. മോഷണശ്രമം തടയുന്നതിനിടെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ആക്രമണത്തിനു മുൻപ് ഒരു കോടി രൂപ അക്രമി ആവശ്യപ്പെട്ടുവെന്ന് വീട്ടുജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് മൊഴി നൽകിയത് കേസ് അന്വേഷണത്തിൽ നിർണായകമായി. കുട്ടികളെ പരിചരിക്കാൻ നാലുവർഷമായി ഏലിയാമ്മ ഇവിടെയുണ്ട്.
നാലുവയസുള്ള ഇളയ മകൻ ജെഹ് ഉറങ്ങുന്ന മുറിയിലേക്കാണ് കത്തിയുമായി അക്രമി ആദ്യം കയറിയതെന്ന് ഏലിയാമ്മ ഫിലിപ്പ് പറയുന്നു. അക്രമിയെ താൻ കണ്ടു. പണം ആവശ്യപ്പെട്ടതോടെ ബഹളംവച്ചു. ഇതോടെ തന്റെ വലതു കൈത്തണ്ടയിൽ കുത്തി. ബഹളം കേട്ട് സെയ്ഫ് അലി ഖാൻ ഓടിവന്നു. കരീനകപൂർ ഖാനും അവിടെയെത്തി. കുടുംബത്തെ രക്ഷിക്കാനുള്ള താരത്തിന്റെ ശ്രമത്തിനിടെ മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് കൂടുതൽ ജോലിക്കാർ ഓടിവന്നെങ്കിലും അക്രമിയെ പിടികൂടാൻ സാധിച്ചില്ല. ഇതിനിടെ, മറ്റൊരു വീട്ടുജോലിക്കാരി ഗീതയ്‌ക്കും നിസാര പരിക്കേറ്രെന്ന് ഏലിയാമ്മ ഫിലിപ്പ് പൊലീസിനോട് പറഞ്ഞു.
കൊണ്ടുപോയത് ഓട്ടോയിൽ
അദ്യ ഭാര്യയായ അമൃത സിംഗിന്റെ മകൻ ഇബ്രാഹിം ഖാൻ ഓട്ടോ പിടിച്ചാണ് താരത്തെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴും കത്തി മുതുകിൽ ആഴ്ന്നിറങ്ങി നിൽക്കുന്നുണ്ടായിരുന്നു. ആറു കുത്തുകൾ ഏറ്റതിൽ ഒരെണ്ണം നട്ടെല്ലിനു സമീപത്ത്. കൈയിലും കഴുത്തിലുമാണ് ആഴത്തിലുള്ള മറ്റ് മുറിവുകൾ.
പ്രതിക്കായി വ്യാപക തെരച്ചിൽ
അക്രമിയെ തിരിച്ചറിഞ്ഞതായി മുംബയ് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ 10 സംഘങ്ങളാണ് രംഗത്തുള്ളത്. വീട്ടിലെ ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി മുറിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് രണ്ട് മണിക്കൂർ മുമ്പുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ആരും വീടിന്റെ പരിസരത്ത് പ്രവേശിച്ചതായി കണ്ടെത്തിയിട്ടില്ല. അതിനാൽ അക്രമി വീട്ടിൽ ഒളിച്ചിരിക്കാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. മേഖലയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തൊഴിലാളികളെ ഉൾപ്പെടെ ചോദ്യം ചെയ്‌തു വരികയാണ്. നടന്റെ സ്റ്റാഫുകളിൽ നിന്നും മൊഴിയെടുത്തു. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു.
ആക്രമണം സുരക്ഷിത മേഖലയിൽ
ബാന്ദ്രയിലെ ഏറ്റവും സുരക്ഷിത മേഖലയെന്ന് വിശ്വസിക്കപ്പെടുന്നിടത്താണ് ആക്രമണമുണ്ടായത്. സിനിമ സെലിബ്രിറ്റികളും അതിസമ്പന്നരുമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ആക്രമണം നടക്കുന്നതിനു മുമ്പ് സെയ്ഫും കരീനയും ഇവിടെ സുഹൃത്തുക്കളോടൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. 2012ൽ വിവാഹിതരായ ഇരുവരും മുംബയ് ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരൺ കെട്ടിടത്തിലാണ് താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |