SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

മുല്ലപ്പെരിയാർ ഡാം സുരക്ഷ പരിശോധിക്കാൻ സമിതി

mullaperiyar

 സുരക്ഷാചുമതല ഡാം സേഫ്ടി അതോറിട്ടിക്ക്

 കേന്ദ്ര നടപടി സുപ്രീംകോടതി ഇടപെട്ടതോടെ

ന്യൂഡൽഹി : സുപ്രീംകോടതി ഇടപെടൽ ഫലം കണ്ടു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമായി പുതിയ മേൽനോട്ടസമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. ഡാമിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചും പുതിയ ഡാമിനായും നിരന്തരം വാദിക്കുന്ന കേരള നിലപാടിന് അനുകൂലമാണ് കേന്ദ്ര നടപടി.

ദേശീയ ഡാം സുരക്ഷാ അതോറിട്ടി ചെയർമാൻ അദ്ധ്യക്ഷനായി ഏഴംഗ സമിതിയാണ് കേന്ദ്ര ജലശക്തി മന്ത്രാലയം രൂപീകരിച്ചത്. കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തി. ഇതോടെ,​ ഡാമിന്റെ സുരക്ഷ ദേശീയ അതോറിട്ടിയുടെ നേരിട്ടുള്ള ചുമതലയായി.

ഡാമിന്റെ സുരക്ഷാ പരിശോധനയ്‌ക്ക് മാത്രമായി വിദഗ്ദ്ധസമിതി രൂപീകരിക്കാത്തത് എന്തെന്ന് കഴിഞ്ഞ ജനുവരി എട്ടിന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. സമിതി രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകുമെന്ന സൂചനയും നൽകി. ഈ മാസം 22ന് കേന്ദ്രം നിലപാട് അറിയിക്കാനും നിർദ്ദേശിച്ചിരുന്നു.

കേന്ദ്രജല കമ്മിഷൻ ചെയർമാനായിരുന്നു മുൻപുണ്ടായിരുന്ന മേൽനോട്ടസമിതിയുടെ അദ്ധ്യക്ഷൻ. ആ സമിതി 2024 ഒക്ടോബർ ഒന്നിന് പിരിച്ചുവിട്ടിരുന്നു. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി അഡ്വ. മാത്യൂസ് ജെ. നെടുമ്പാറ ഉൾപ്പെടെ സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

സമിതിയിൽ ഇവർ

 ദേശീയ ഡാം സുരക്ഷാ അതോറിട്ടി ചെയർമാൻ (അദ്ധ്യക്ഷൻ)​

 തമിഴ്നാട് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

 കേരള ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

 തമിഴ്നാട് കാവേരി ടെക്‌നിക്കൽ സെൽ - അന്തർസംസ്ഥാന ജലവിംഗ് ചെയർമാൻ

 കേരള ജലസേചന വകുപ്പ് ചീഫ് എൻജിനിയർ

 ബംഗളൂരു ഇന്റർനാഷണൽ സെന്റർ ഫോർ എക്‌സലെൻസ് ഒൺ ഡാംസ് നോഡൽ ഓഫീസർ

 ദേശീയ ഡാം സുരക്ഷാ അതോറിട്ടി മെം‌ബർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MULLAPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360