
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന് അവസാനിക്കും. ഇന്നലെയാണ് ബി.ജെ.പിയും കോൺഗ്രസും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയത്. ഇതോടെ,പത്രിക സമർപ്പിക്കുന്നതിനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. ആംആദ്മി-കോൺഗ്രസ്-ബി.ജെ.പി ത്രികോണപോരാട്ടമാണ് രാജ്യതലസ്ഥാനത്ത്.
കോൺഗ്രസ് ഇന്നലെ പുറത്തിറക്കിയ അഞ്ചാം പട്ടികയിൽ ബാക്കിയുള്ള രണ്ട് സീറ്രുകളിലേക്കും,ബി.ജെ.പിയുടെ നാലാമത്തെ പട്ടികയിൽ ഒൻപതു സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ഡൽഹിയിലെ 70 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മുഴുവൻ സീറ്റുകളിലും കോൺഗ്രസ് മത്സരിക്കുന്നുണ്ട്. ബി.ജെ.പി 68 ഇടത്തും. രണ്ട് സീറ്റുകളിൽ എൻ.ഡി.എ ഘടകകക്ഷികൾ പോരാട്ടത്തിനിറങ്ങിയേക്കും. ജംഗ്പുര സീറ്റിൽ മത്സരിക്കുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
കേജ്‌രിവാളിന് 1.7കോടിയുടെ സ്വത്ത്
ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ബുധനാഴ്ച സമർപ്പിച്ച നാമനിർദ്ദേശപത്രികയിലെ വിശദാംശങ്ങൾ പുറത്തുവന്നു. കേജ്‌രിവാളിന് സ്വന്തമായി കാറില്ല. 1.7കോടിയുടെ സ്വത്തുണ്ട്. കൈയിൽ 40,000രൂപയും. 14 കേസുകളിൽ പ്രതിയാണ്. അതേസമയം,ഭാര്യ സുനിതയുടെ പക്കൽ 25.9 ലക്ഷത്തിന്റെ ആഭരണങ്ങളുണ്ട്,കാറും. ഒന്നരക്കോടിയുടെ സ്വത്തുമുണ്ട്. ഇരുവർക്കും സാമ്പത്തിക ബാദ്ധ്യതകളില്ല.
ആംആദ്മി സ്ഥാനാർത്ഥിക്ക് മാറ്റം
70 സീറ്റിലേക്കും ആംആദ്മി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മാട്ടിയ മഹൽ മണ്ഡലത്തിലെ ആംആദ്മി സ്ഥാനാർത്ഥി ഷൊയെബ് ഇഖ്ബാലിനെ മാറ്രി പകരം മകൻ ആലെ മുഹമ്മദ് ഇഖ്ബാലിനെ നിയോഗിച്ചു. ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.
വാഗ്ദാനങ്ങളുമായി കോൺഗ്രസ്
അധികാരത്തിലെത്തിയാൽ 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ,300 യൂണിറ്റ് സൗജന്യ വൈദ്യുതി,സൗജന്യ റേഷൻ കിറ്റ് എന്നിവ വാഗ്ദാനം ചെയ്‌ത് കോൺഗ്രസ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം. സ്ത്രീകൾക്ക് മാസം 2,500 രൂപ,25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്,വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ ലഭിക്കാത്ത യുവജനങ്ങൾക്ക് മാസം 8,500 രൂപ എന്നിവ നേരത്തെ വാഗ്ദാനം ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |