
ബംഗളൂരു: കർണാടകയിൽ പട്ടാപ്പകൽ സുരക്ഷാജീവനക്കാർക്കു നേരേ വെടിയുതിർത്ത് എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 93 ലക്ഷം രൂപ കവർന്നു. ഇന്നലെ 11.30ഓടെ കർണാടകയിലെ ബിദറിലായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികൾ വാഹനം തടഞ്ഞുനിറുത്തി സുരക്ഷാ ജീവനക്കാർക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഗിരി വെങ്കിടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്ത് വച്ചും മറ്റൊരാൾ ചികിത്സയിലിരിക്കെയും മരിച്ചു. മോഷണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ശിവാജി ചൗക്കിലുള്ള എസ്.ബി.ഐ എ.ടി.എമ്മിൽ പണം നിറയ്ക്കാനാണ് സുരക്ഷാ ജീവനക്കാർ എത്തിയത്. വെടിയുതിർത്ത ശേഷം വാഹനത്തിൽ വച്ചിരുന്ന പണം അടങ്ങിയ പെട്ടി തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. തിരക്കേറിയ റോഡിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു അക്രമം. നാട്ടുകാർ കല്ലെറിഞ്ഞ് പിടികൂടാൻ ശ്രമിച്ചെങ്കിലും അക്രമികൾ രക്ഷപ്പെട്ടു.
അക്രമികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതിർത്തിയിലുൾപ്പെടെ പരിശോധന ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |