SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

വിവാദ പരാമർശം: രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

g

 ഇന്ത്യൻ ഭരണകൂടത്തിനെതിരെയും കൂടിയാണ് പോരാട്ടമെന്ന പ്രസംഗം ചൂണ്ടിക്കാട്ടി

ന്യൂഡൽഹി: കോൺഗ്രസ് പോരാടുന്നത് ബി.ജെ.പിയോടും ആർ.എസ്.എസിനോടും മാത്രമല്ല ഇന്ത്യൻ ഭരണകൂടത്തോടും കൂടിയാണെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ ഗുവാഹത്തിയിൽ കേസെടുത്തു. മൊൻജിത് ഛേതിയ എന്നയാൾ നൽകിയ പരാതിയിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ ചേർത്താണ് പാൻ ബസാർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. ഫെബ്രുവരി 15ന് ഡൽഹിയിലെ പുതിയ കോൺഗ്രസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു വിവാദ പരാമർശം. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു.

രാഹുലിന്റെ പ്രസംഗം സമൂഹത്തിൽ അശാന്തിയുണ്ടാക്കുമെന്നും വിഘടനവാദത്തിന് വഴിവയ്‌ക്കുമെന്നും പരാതിയിൽ പറയുന്നു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണ്. തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെടുന്നതിലുള്ള നിരാശയാണ് രാഹുലിനെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരമാധികാരം,ഐക്യം,അഖണ്ഡത എന്നിവയ്‌ക്കെതിരായ പ്രവൃത്തിയെന്ന നിലയിലുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെതിരെ ചുമത്തിയത്.

 വെള്ള ടീഷർട്ട് ധരിക്കൂ

സാമ്പത്തിക അസമത്വത്തിനെതിരെ വെള്ള ടീഷർട്ട് ധരിച്ച് പോരാട്ടത്തിനിറങ്ങാൻ രാഹുൽ ഗാന്ധിയുടെ ആഹ്വാനം. യുവാക്കളും തൊഴിലാളികളും ഈ മൂവ്മെന്റിന്റെ ഭാഗമാകണം. ചില അതിസമ്പന്നരെ മാത്രം കേന്ദ്രസർക്കാർ വളർത്തുന്നു. ഇതിനെതിരെയാണ് ക്യാമ്പയിനെന്ന് രാഹുൽ വ്യക്തമാക്കി. പ്രചാരണത്തിനായി https://whitetshirt.in/whitetshirt എന്ന വെബ്സൈറ്റും തയ്യാറാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360