
ന്യൂഡൽഹി: പുണ്യം തേടി ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിക്കൊണ്ടിരിക്കെ കുംഭമേളയ്ക്കിടെ വൻ തീപിടിത്തം.
പ്രയാഗ്‌രാജിൽ ടെന്റുകൾ നിർമ്മിച്ചിരിക്കുന്ന മേഖലയിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് തീപിടിത്തമുണ്ടായത്. മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് കാരണം. അഗ്നിശമന സേനയും പൊലിസും എൻ.ഡി.ആർ.എഫും ചേർന്ന് 20 മിനുട്ടിനകം തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. 15 അഗ്നിശമനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല. 100ൽപ്പരം ഭക്തർ അവിടെയുണ്ടായിരുന്നെങ്കിലും വേഗത്തിൽ ഒഴിപ്പിച്ചിരുന്നു. സെക്‌ടർ 19ലെ ഗീതാ പ്രസിന്റെ ടെന്റിലാണ് തീ ആദ്യം കണ്ടത്. പിന്നീട് മറ്റു ടെന്റുകളിലേക്ക് പടരുകയായിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നാണ് പ്രാഥമിക നിഗമനം. 18 ടെന്റുകൾ പൂർണമായും നശിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ വിളിച്ച് കാര്യങ്ങൾ തിരക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും,സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു.
അമിത് ഷാ കുംഭമേളയിലേക്ക്
27നോ 28നോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രയാഗ്‌രാജിലെത്തിയേക്കും. ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്യും. കുടുംബസമേതം എത്തുമെന്നാണ് സൂചന.
ഇന്നലെ 51.82 ലക്ഷം പേർ
കുംഭമേളയുടെ ഏഴാം ദിനമായിരുന്ന ഇന്നലെ 51.82 ലക്ഷം പേർ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്‌തു. ഇതുവരെ 7.72 കോടിയിൽപ്പരം ഭക്തരെത്തിയെന്ന് യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |