SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 PM IST

ഈ വ‌ർഷത്തെ ആദ്യ മൻ കി ബാത്ത് നീതിയുക്തം: തിരഞ്ഞെടുപ്പ് കമ്മിഷനെ അഭിനന്ദിച്ച് മോദി

rrr

ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ മൻ കി ബാത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനശക്തിക്ക് കരുത്തുപകരാൻ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് നീതിയുക്തമായി തിരഞ്ഞെടുപ്പ് നടത്തുന്ന പ്രതിബദ്ധതയ്‌ക്ക് കമ്മിഷനെ അഭിനന്ദിക്കുന്നെന്ന് മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാപിതമായ ജനുവരി 25 ദേശീയ വോട്ടർ ദിനമായി ആചരിക്കുന്നത് സൂചിപ്പിച്ച മോദി, വോട്ടിംഗ് പ്രക്രിയ കാലാകാലങ്ങളിൽ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്‌ത കമ്മിഷന് നന്ദിയും അറിയിച്ചു.

1951-52ൽ രാജ്യത്ത് ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോൾ, രാജ്യത്തെ ജനാധിപത്യം നിലനിൽക്കുമോ എന്ന് ചിലർക്ക് സംശയമുണ്ടായിരുന്നു. പക്ഷേ, ആശങ്കകൾ തെറ്റാണെന്ന് തെളിയിച്ചു. കഴിഞ്ഞ ദശകങ്ങളിൽ രാജ്യത്തിന്റെ ജനാധിപത്യം ശക്തിപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്‌തെന്നും മോദി പറഞ്ഞു. എല്ലാ മാസത്തെയും അവസാന ഞായറാഴ്ചയാണ് സാധാരണ മൻ കി ബാത്ത്. ഇത്തവണ ആ ദിവസം റിപ്പബ്ലിക് ദിനമായതിനാൽ ഇന്നലെ നടത്തുകയായിരുന്നു.

കുംഭമേള

അഭിമാനകരം

പ്രയാഗ്‌രാജിലെ കുംഭമേളയും അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ആദ്യ വാർഷികവും മോദി പരാമർശിച്ചു. കുംഭമേള നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്നു. ധനികരും ദരിദ്രരും ഒന്നാകുന്നു. എല്ലാവരും സംഗമസ്ഥാനത്ത് മുങ്ങിക്കുളിക്കുന്നു, ഊട്ടുപുരകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. കുംഭമേളയുടെ ആഗോള പ്രശസ്‌തി ഇന്ത്യക്കാർക്ക് അഭിമാനകരമാണ്. കഴിഞ്ഞ11ന് പൗഷ ശുക്ല ദ്വാദശി ദിനത്തിലായിരുന്നു അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ വാർഷികം. വികസനത്തിന്റെ പാതയിൽ മുന്നേറുമ്പോൾ, നമ്മുടെ പൈതൃകം സംരക്ഷിക്കുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകുകയും വേണമെന്ന് മോദി പറഞ്ഞു.

ശാസ്ത്രജ്ഞർക്ക് അഭിനന്ദനം

ബഹിരാകാശ രംഗത്തെ നേട്ടങ്ങളിൽ പിക്‌സൽ, ഐ.എസ്.ആർ.ഒ, ഇൻ-സ്‌പേസ് സ്ഥാപനങ്ങളിലെ ടീമിനെ മോദി അഭിനന്ദിച്ചു. ബംഗളൂരുവിലെ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പായ പിക്‌സൽ, ആദ്യ സ്വകാര്യ സാറ്റലൈറ്റ് കോൺസ്റ്റലേഷൻ ആയ 'ഫയർഫ്ലൈ' എന്നിവ വിജയകരമായി വിക്ഷേപിച്ചു. ഇത് സ്വകാര്യ ബഹിരാകാശ മേഖലയിലെ വളരുന്ന ശക്തിയുടെയും നവീകരണത്തിന്റെയും പ്രതീകമാണ്. സ്‌പേസ് ഡോക്കിംഗ് നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഡിസംബർ 30ന് ഐ.എസ്.ആർ.ഒ അയച്ച പയർവിത്തുകൾ ബഹിരാകാശത്ത് മുളച്ചു. നമ്മുടെ ശാസ്ത്രജ്ഞർ എത്രത്തോളം പുരോഗമനപരമായ ചിന്താഗതിയോടെയാണ് പ്രവർത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360