
ന്യൂഡൽഹി : ജമ്മു കാശ്‌മീരിലെ രജൗരിയിൽ നാഡീവ്യൂഹം തകരാറിലായി 45 ദിവസത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത് 16 പേർ. വിഷയത്തിൽ അടിയന്തര സ്വഭാവത്തോടെ ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉന്നത മന്ത്രിതല സമിതി രൂപീകരിച്ചു. ആഭ്യന്തര, കാർഷിക, രാസവള, ജലവിഭവ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, വിദഗ്ദ്ധർ എന്നിവരുൾപ്പെടുന്ന സമിതി മരണങ്ങൾ നടന്ന രജൗരിയിലെ ഗ്രാമങ്ങൾ ഇന്നലെ സന്ദർശിച്ചു. മൃഗസംരക്ഷണ, ഭക്ഷ്യസുരക്ഷാ, ഫൊറൻസിക് സയൻസ് വിദഗ്ദ്ധരും സമിതിയിലുണ്ട്. ജമ്മു കാശ്‌മീർ മുഖ്യമന്ത്രി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഭക്ഷണം, വെള്ളം തുടങ്ങിയവയുമായി കരസേനാ സംഘം മേഖലയിലെത്തി.
വ്യക്തത വരണം
നാഡീവ്യൂഹത്തെ തകരാറിലാക്കുന്ന വിഷ വസ്‌തുവിന്റെ (ന്യൂറോടോക്‌സിൻ) സാന്നിദ്ധ്യം മരിച്ചവരുടെ ശരീരത്തിലുണ്ടായിരുന്നു. എങ്ങനെയാണ് ഇവ ശരീരത്തിൽ എത്തിയതെന്നും, ഉറവിടവും കണ്ടെത്താനാണ് ഊർജ്ജിതശ്രമം. കൃഷിയും, കന്നുകാലി വളർത്തലുമാണ് ഇവിടുത്തെ ആൾക്കാരുടെ പ്രധാന ജീവിതമാർഗം. കൂടുതൽ ഗുരുതരമായ സാഹചര്യമൊഴിവാക്കാൻ ഏതാനും ചോദ്യങ്ങൾക്ക് വ്യക്തത വരുത്തണം.
1. മലിനമായി കിടക്കുന്ന ജലസ്രോതസുകളുണ്ടോ ?
2. ജലജന്യ രോഗമാണോ ?
3. ജലാശയങ്ങളിൽ വിഷം കലർന്നോ ?
4. ആരോഗ്യനിലയെ ബാധിക്കുന്ന തരത്തിൽ മേഖലയിൽ രാസവളങ്ങൾ ഉപയോഗിക്കുന്നുണ്ടോ ?
5. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്ന രോഗങ്ങളുടെ സാന്നിദ്ധ്യമുണ്ടോ ?
ആദ്യം ഡിസംബറിൽ
കഴിഞ്ഞ ഡിസംബർ ഏഴിനാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു ചടങ്ങിൽ ഭക്ഷണം കഴിച്ച കുടുംബത്തിലെ ഏഴ് പേരിൽ അഞ്ചുപേർ മരിച്ചു. ഡിസംബർ 12ന് മറ്റൊരു കുടുംബത്തിലെ മൂന്നുപേരും, ഒടുവിലായി കഴിഞ്ഞ വെള്ളിയാഴ്ച 60 വയസുകാരിയും മരിച്ചു. ഒരു പെൺകുട്ടി ഇപ്പോഴും ഗുരുതരനിലയിൽ ചികിത്സയിലാണ്. ആകെ 38ൽപ്പരം പേർ ചികിത്സ തേടി. ആരോഗ്യവകുപ്പ് ഇവിടുത്തെ മൂവായിരത്തോളം കുടുംബങ്ങളിൽ സർവേ നടത്തി. സാംക്രമിക രോഗങ്ങളില്ലെന്നും കണ്ടെത്തിയിരുന്നു. മരിച്ചവരുടെ സ്രവം അടക്കം ഐ.സി.എം.ആർ തുടങ്ങിയ ലാബുകളിൽ പരിശോധിച്ചെങ്കിലും യഥാർത്ഥ മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |