
ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. 1040 സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു. സൂക്ഷ്‌മപരിശോധനയിൽ 477 പത്രികകൾ തള്ളി. ആകെയുള്ള 70 സീറ്റുകളിൽ കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് ആം ആദ്മി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിലാണ്. 23 പേർ. കുറവ് പട്ടേൽ നഗറിലും കസ്‌തൂർബാ നഗറിലും അഞ്ചുപേർ വീതം. ത്രികോണ പോരാട്ടം നടക്കുന്ന ന്യൂഡൽഹി മണ്ഡലത്തിൽ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് കേജ്‌രിവാളിന്റെ എതിരാളികൾ. മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വെർമയുടെ മകൻ പർവേഷ് വെർമയാണ് ബി.ജെ.പി സ്ഥാനാർത്ഥി. ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.
കാർ ആക്രമിക്കപ്പെട്ടതിൽ
വാക്പോര്
കേജ്‌രിവാളിനെ അപായപ്പെടുത്താൻ ബി.ജെ.പി കൊടും ക്രിമിനലുകളെ നിയോഗിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി അതിഷി ആരോപിച്ചു. ശനിയാഴ്ച ആം ആദ്മി നേതാവ് സഞ്ചരിച്ച കാറിന് നേരെ കല്ലേറിഞ്ഞയാൾക്ക് ബി.ജെ.പി സ്ഥാനാർത്ഥി പർവേഷ് വെർമയുമായി ബന്ധമുണ്ടെന്നും കൂട്ടിച്ചേർത്തു. ഇന്നുവരെ കാണാത്ത തരത്തിലുള്ള പ്രചാരണമാണ് ഇത്തവണയെന്നും, അതിക്രമങ്ങൾ ജനം കണ്ടുകൊണ്ടിരിക്കുകയാണെന്നും കേജ്‌രിവാൾ പ്രതികരിച്ചു. അടിസ്ഥാനരഹിതമായ ആരോപണമെന്ന് ബി.ജെ.പി തിരിച്ചടിച്ചു. തൊഴിലില്ലാത്ത യുവാക്കൾ പരാതി പറയാൻ വരുമ്പോൾ അവരെ കാറു കൊണ്ടിടിക്കാനാണ് കേജ്‌രിവാൾ ശ്രമിക്കുന്നതെന്ന് പർവേഷ് വെർമ ചൂണ്ടിക്കാട്ടി.
മോദിക്ക് കത്തെഴുതി
മുനിസിപ്പൽ കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് സ്വന്തമായി വീട് യാഥാർത്ഥ്യമാക്കാൻ ഭൂമി തേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചെന്ന് കേജ്‌രിവാൾ. കുറഞ്ഞനിരക്കിൽ ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |