
ന്യൂഡൽഹി: കേന്ദ്രത്തിൽ നിർണായക പിന്തുണ നൽകുന്ന ജെ.ഡി.യുവിനും ബി.ജെ.പിക്കുമിടയിൽ ഭിന്നതയെന്ന തരത്തിൽ മണിപ്പൂരിലുണ്ടായ സംഭവങ്ങൾക്ക് നാടകീയ അന്ത്യം. മണിപ്പൂരിലെ ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചുകൊണ്ട് ജെ.ഡി.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എസ്. ബിരേൻ സിംഗ് ഗവർണർക്ക് കത്തു നൽകിയതാണ് തുടക്കം. പിന്നാലെ ജെ.ഡി.യു ദേശീയ അദ്ധ്യക്ഷൻ നിതീഷ് കുമാർ ബിരേൻസിംഗിനെ പുറത്താക്കി ആശയക്കുഴപ്പം അവസാനിപ്പിച്ചു.
ജെ.ഡി.യുവിന്റെ ശക്തികേന്ദ്രമായ ബീഹാറിൽ ഇക്കൊല്ലം ഒടുവിലാണ് തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് കളംമാറുന്നത് നിതീഷിന്റെ പതിവായതിനാൽ മണിപ്പൂരിലെ സംഭവം ദേശീയ തലത്തിലും ചർച്ചയായി. ജെ.ഡി.യു വീണ്ടും എൻ.ഡി.എ വിടുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടു. ഇതാണ് നിതീഷ് കുമാറിന്റെ പെട്ടെന്നുള്ള ഇടപെടലിന് വഴിയൊരുക്കിയത്. മണിപ്പൂർ നിയമസഭയിൽ ജെ.ഡി.യുവിന് ഒരു എം.എൽ.എ മാത്രമാണ്: എം.ഡി അബ്ദുൾ നാസിർ. 2022ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച നാസിർ അടക്കം ആറ് ജെ.ഡി.യു സ്ഥാനാർത്ഥികളിൽ അഞ്ച് പേർ പിന്നീട് ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതുസംബന്ധിച്ച പരാതി സ്പീക്കറുടെ ട്രൈബ്യൂണലിലാണ്.
ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്നും നാസിർ പ്രതിപക്ഷത്തിരിക്കുമെന്നും ബിരേൻ സിംഗ് ഗവർണർ, മുഖ്യമന്ത്രി, സ്പീക്കർ എന്നിവർക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. എന്നാൽ നീക്കം ദേശീയ നേതൃത്വവുമായി ആലോചിക്കാതെയാണെന്ന് ജെ.ഡി.യു പ്രസ്താവന ഇറക്കി. ബി.ജെ.പി സർക്കാരിന് തുടർന്നും പിന്തുണ നൽകും.
60 അംഗ മണിപ്പൂർ നിയമസഭയിൽ 37 അംഗങ്ങളുള്ള ബി.ജെ.പിക്ക് നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ച് അംഗങ്ങളും മൂന്ന് സ്വതന്ത്രരും പിന്തുണ നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |