SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

വഖഫ് നിയമഭേദഗതി ബിൽ ജെ.പി.സിയിൽ ബഹളം: പത്ത് എം.പിമാർക്ക് സസ്‌പെൻഷൻ

fjg

ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) യോഗത്തിൽ അദ്ധ്യക്ഷന്റെ നിലപാടിനെതിരെ ബഹളംവച്ച പത്ത് പ്രതിപക്ഷ എം.പിമാർക്ക് ഒരു ദിവസത്തെ സസ്‌പെൻഷൻ. ഭരണപക്ഷാംഗങ്ങൾ തമ്മിൽ വാക്പോരുമുണ്ടായി. ജെ.പി.സി അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ ജഗദംബികാ പാൽ ഏകപക്ഷീയമായി യോഗത്തിന്റെ അജണ്ട നിശ്ചയിക്കുന്നുവെന്നും ഇന്നത്തെ യോഗം തിങ്കളാഴ്ചത്തേക്ക് മാറ്റിയെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ബഹളം.

മുഹമ്മദ് ജാവേദ്, നാസിർ ഹുസൈൻ, ഇമ്രാൻ മസൂദ് (കോൺഗ്രസ്), കല്യാൺ ബാനർജി, നദിമുൽ ഹഖ്(തൃണമൂൽ), മുഹമ്മദ് അബ്ദുള്ള, എ.രാജ(ഡി.എം.കെ), മൗലാന മൊഹിബുള്ള(എസ്.പി), അരവിന്ദ് സാവന്ത്(ശിവസേന-യു), അസദുദ്ദീൻ ഒവൈസി(എ.ഐ.എം.ഐ.എം) എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ജെ.പി.സി റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിക്കാൻ നടപടിക്രമങ്ങൾ ദ്രുതഗതിയിലാക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ യോഗം ചേർന്നത്. ഇന്നലെയും ഇന്നും യോഗം നിശ്ചയിച്ചതിലും പ്രതിപക്ഷാംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിൽ എത്തുന്നതിനാൽ 30, 31 തീയതികളിൽ യോഗം നടത്തണമെന്നായിരുന്നു ആവശ്യം. ഇത് അദ്ധ്യക്ഷൻ അംഗീകരിച്ചില്ല. എന്നാൽ, ഇന്നത്തെ യോഗം ഏകപക്ഷീയമായി തിങ്കളാഴ്ചത്തേക്ക് മാറ്റിയതിനെതിരെയാണ് പ്രതിപക്ഷാംഗങ്ങൾ ബഹളം വച്ചത്.

'അദ്ധ്യക്ഷന്റേത്

ജന്മിത്വ നിലപാട്'

പ്രതിപക്ഷത്തെ ശ്രദ്ധിക്കാത്ത ജന്മിത്വ നിലപാടാണ് അദ്ധ്യക്ഷന്റേതെന്ന് തൃണമൂൽ അംഗം കല്യാൺ ബാനർജി കുറ്റപ്പെടുത്തി. റിപ്പോർട്ട് നേരത്തെ അവതരിപ്പിച്ച് ഡൽഹി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നും അതിനായി ജെ.പി.സിയെ സമ്മർദ്ദത്തിലാക്കുന്നുവെന്നും കോൺഗ്രസ് എം.പി നാസിർ ഹുസൈൻ പറഞ്ഞു.

''ബഹളംവച്ച് യോഗം തടസപ്പെടുത്തിയ പ്രതിപക്ഷത്തിന്റേത് ജനാധിപത്യ വിരുദ്ധ നിലപാടാണ്

-നിഷികാന്ത് ദുബെ,

ബി.ജെ.പി എം.പി

ബഹളം തുടർക്കഥ

വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ജെ.പി.സിയുടെ ആദ്യ യോഗം മുതൽ ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റവും ബഹളവുമാണ്. ഒക്ടോബറിൽ നടന്ന യോഗത്തിനിടെ തൃണമൂൽ അംഗം കല്യാൺ ബാനർജിയും ബി.ജെ.പിയുടെ അഭിജിത് ഗംഗോപാദ്ധ്യായയും തമ്മിൽ സംഘർഷമുണ്ടായി. ഗ്ലാസ് കുപ്പി പൊട്ടിച്ച് അദ്ധ്യക്ഷനുനേരെ എറിഞ്ഞ കല്യാൺ ബാനർജിക്ക് മുറിവേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360