
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ മേഖലയുടെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് നൂറാമത്തെ വിക്ഷേപണം നാളെ രാവിലെ 6.23ന് നടക്കും. ഇന്ത്യൻ ഗതിനിർണയ സംവിധാനമായ നാവിക് സിയുടെ ഭാഗമായ എൻ.വി.എസ് 02 ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്. 2,250കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത് ജി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ചാണ്.
മുൻ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ 1979 ആഗസ്റ്റ് 10ന് എസ്.എൽ.വി 01ആണ് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ആദ്യ ബഹിരാകാശ ദൗത്യം. അതുവരെ റോക്കറ്റ് വിക്ഷേപണം കേരളത്തിലെ തുമ്പയിൽ നിന്നായിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ റോക്കറ്റ് നിലയം തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് നിർമ്മാണം നടക്കുന്നു.
ശ്രീഹരികോട്ടയിലെയിൽ നിന്ന് ഇതുവരെ 28 രാജ്യങ്ങളുടേതായി 297 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഒരു റോക്കറ്റിൽ 104ഉപഗ്രഹങ്ങൾ വിക്ഷേപിച്ചും ചന്ദ്രയാൻ 3,ആദിത്യ എൽ1 അടക്കമുള്ള നിർണായക ദൗത്യങ്ങളും ഒട്ടേറെ വാണിജ്യ വിക്ഷേപണങ്ങളും പിഴവില്ലാതെ പൂർത്തിയാക്കിയതോടെ ലോകരാജ്യങ്ങൾക്കിടയിലും ശ്രീഹരിക്കോട്ട വിശ്വസ്ത വിക്ഷേപണ കേന്ദ്രമായി മാറി. റോക്കറ്റുകളുടെ ഘടകങ്ങൾ വേഗത്തിൽ കൂട്ടച്ചേർക്കാനും ദൗത്യം നിയന്ത്രിക്കാനും ശാസ്ത്രീയ പരീക്ഷണങ്ങൾക്കുമെല്ലാം പര്യാപ്തമാണ് ഇപ്പോൾ ശ്രീഹരക്കോട്ട. മലയാളിയായ എ.രാജരാജനാണ് സ്‌പേസ് സെന്റർ ഡയറക്ടർ.
ഇന്ത്യൻ ഗതി നിർണയ സംവിധാനമാണ് നാവിക്. നിലവിൽ 9 ഉപഗ്രഹങ്ങളാണ് ഇതിനായി വിക്ഷേപിച്ചിരിക്കുന്നത്. 2019ൽ വിക്ഷേപിച്ച ഐ.ആർ.എൻ.എസ്.എസ്.1ഇ ഉപഗ്രഹത്തിന് പകരമായാണ് ഇപ്പോൾ രണ്ടാം തലമുറയിലെ അത്യാധുനിക ഉപഗ്രഹമായ എൻ.വി.എസ് 02 അയക്കുന്നത്. ഇതോടെ ഇന്ത്യയുടെ 1,500കിലോമീറ്റർ ചുറ്റളവിൽ ഭൂമിയിലെ 20മീറ്റർ കൃത്യതയോടെ ഗതിനിർണയം സാധ്യമാകുമെന്നതാണ് നേട്ടം. ജി.എസ്.എൽ.വി. റോക്കറ്റിന്റെ 17മത് ദൗത്യമായ ജി.എസ്.എൽ.വി.എഫ്.15ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |