
ന്യൂഡൽഹി: രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും സൈനിക കരുത്തും വിളിച്ചോതി കർത്തവ്യപഥിൽ 76-ാമത് റിപ്പബ്ലിക് ദിന പരേഡ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര അർദ്ധ ബാലിസ്റ്റിക് മിസൈലായ പ്രളയ് മുതൽ ഇൻഡോനേഷ്യൻ സൈന്യം വരെ അണിനിരന്ന പരേഡിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിവാദ്യം സ്വീകരിച്ചു. ആണവായുധം വഹിക്കാൻ ശേഷിയുള്ള പ്രളയ് മിസൈലിന്റെ ആദ്യ സാന്നിദ്ധ്യം ഏവരെയും ആകർഷിച്ചു. ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയായിരുന്നു മുഖ്യാതിഥി. രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം എന്ന സവിശേഷതയുടെ ഊർജ്ജസ്വലമായ ആവിഷ്‌ക്കാരമാണെന്ന്,ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ് അക്കൗണ്ടിൽ കുറിച്ചു. ആശംസകൾ നേർന്ന ലോകനേതാക്കൾക്ക് നന്ദി പറഞ്ഞു. ഇന്നലെ വൈകിട്ട് ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന എൻ.സി.സി റാലിയെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്‌തു.
ലോക റെക്കാർഡും
മോട്ടോർ സൈക്കിളിൽ 12 അടിയുള്ള ഗോവണി കുത്തിനിറുത്തി അതിൽ കയറി നിന്ന് രാഷ്ട്രപതിക്ക് പെൺസല്യൂട്ട്. കരസേനയിലെ 'ഡെയർ ഡെവിൾസ്' എന്നറിയപ്പെടുന്ന സിഗ്നൽസ് കോർപ്‌സിലെ ക്യാപ്റ്റൻ ഡിംപിൾ സിംഗ് ഭാട്ടിയാണ് കരുത്തുറ്റ അഭിവാദ്യം നൽകിയത്. ഇത്തരത്തിൽ സല്യൂട്ട് നൽകി ലോക റെക്കാർഡിട്ടിരിക്കുകയാണ് വനിതാ ക്യാപ്റ്റൻ.
കുംഭമേളയും
'സുവർണ ഭാരതം:പൈതൃകവും വികസനവും' എന്ന തീമിലായിരുന്നു ടാബ്ലോകൾ. കുംഭമേളയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ടാബ്ലോ ഉത്തർപ്രദേശ് ഒരുക്കി. കേരളത്തിന്റെ ടാബ്ലോയ്‌ക്ക് അനുമതി ലഭിച്ചിരുന്നില്ല. 5000ൽപ്പരം കലാകാരന്മാർ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. കേരള ഹൗസിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി.തോമസ് ദേശീയ പതാകയുയർത്തി.
ഷാരൂഖ് ഖാന്റെ പാട്ടും
രാഷ്ട്രപതി ഭവനിൽ ഒരുക്കിയ വിരുന്നിൽ ഇൻഡോനേഷ്യൻ പ്രതിനിധി സംഘം ഷാരൂഖ് ഖാന്റെ അതിപ്രശസ്‌ത ഗാനം 'കുച്ച് കുച്ച് ഹോത്താ ഹെ' പാടിയത് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. തന്നിൽ ഇന്ത്യൻ ഡി.എൻ.എയുണ്ടെന്ന് ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ വിരുന്നിൽ പറഞ്ഞു. ഇന്ത്യൻ പാട്ടുകൾ കേൾക്കുന്ന മാത്രയിൽ നൃത്തം ചെയ്യാറുണ്ടെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |