
ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ആം ആദ്മി - ബി.ജെ.പി - കോൺഗ്രസ് പോരാട്ടം കടുത്തു.ഹരിയാനയിലെ ബി.ജെ.പി സർക്കാർ യമുനയിൽ വിഷം കലക്കിയെന്ന കേജ്‌രിവാളിന്റെ പരാമർശം രാഷ്ട്രീയ വിവാദമായി. ബി.ജെ.പിയുടെ പരാതിയിൽ നോട്ടീസ് അയച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ, ഇന്ന് എട്ട് മണിക്ക് മുൻപ് വിശദീകരണം നൽകണമെന്ന് നിർദ്ദേശിച്ചു. ആരോപണത്തിന് പിന്നിലെ തെളിവ് ഹാജരാക്കണം. ഡൽഹി ജല ബോർഡിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു കേജ്‌രിവാളിന്റെ ആരോപണം. ഇതിനു പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ നേതൃത്വത്തിലാണ് ബി.ജെ.പി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും, പ്രസ്‌താവന പിൻവലിച്ച് മാപ്പു പറയണമെന്നു പരാതിയിൽ ആവശ്യപ്പെട്ടു. ഇതിനിടെ, ഡൽഹി ജല ബോർഡ് സി.ഇ.ഒ ശിൽപ ഷിൻഡെ, കേജ്‌രിവാളിന്റെ ആരോപണം വസ്‌തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കി.
പരസ്പരം ആക്രമിച്ച്
ഷാ, രാഹുൽ, കേജ്‌രിവാൾ
ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ കടന്നാക്രമിച്ചു. കേജ്‌രിവാളും മുതിർന്ന ആംആദ്മി നേതാക്കളും തിരിച്ചടിച്ചു. വ്യാജ വാഗ്ദാനങ്ങളാണ് കേജ്‌രിവാളും ആം ആദ്മിയും നൽകുന്നതെന്ന് ഷാ ആരോപിച്ചു. അധികാരത്തിലെത്തിയാൽ ബി.ജെ.പി വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് കസ്‌തൂർബാ നഗറിലെ പൊതുറാലിയിൽ അദ്ദേഹം പറഞ്ഞു. കേജ്‌രിവാൾ പ്രീണന രാഷ്ട്രീയം കളിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് കുറ്രപ്പെടുത്തി. രോഹിൻഗ്യകൾക്കും ബംഗ്ലാദേശികൾക്കും വ്യാജ ആധാർ നൽകുന്നു. ചെറിയ കാറിലാണ് ഡൽഹി മുൻ മുഖ്യമന്ത്രി സഞ്ചരിക്കുന്നതെങ്കിലും താമസം ആഡംബര ബംഗ്ലാവിലാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഡൽഹി കലാപം നടന്നപ്പോൾ ആ പരിസരത്ത് കണ്ടില്ലെന്നും ചൂണ്ടിക്കാട്ടി. പൊതു ക്ഷേമത്തിനേക്കാൾ ബി.ജെ.പി പ്രാധാന്യം നൽകുന്നത് കോർപറേറ്റ് താത്പര്യങ്ങൾക്കാണെന്ന് കേജ്‌രിവാൾ തിരിച്ചടിച്ചു. അതിസമ്പന്നർക്ക് വായ്‌പാ ഇളവ് നൽകുന്നത് വിലക്കി നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |