
ന്യൂഡൽഹി: അഞ്ചിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനും ആം ആദ്മിയും നേർക്കുനേർ. ഹരിയാനയിലെ ബി.ജെ.പി സർക്കാർ യമുനയിൽ വിഷം കലക്കിയെന്ന ആരോപണമുന്നയിച്ച ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവ് ആവശ്യപ്പെട്ടു. യമുനയിൽ അമോണിയത്തിന്റെ അളവ് വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കേജ്‌രിവാളിന്റെ ആരോപണം. പൊതുസേവകനെന്ന നിലയിൽ ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന കേജ്‌രിവാളിന്റെ വിശദീകരണം കമ്മിഷൻ തള്ളി. വസ്‌തുതാപരമായ തെളിവുകൾ സഹിതം ഇന്ന് വീണ്ടും മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയം കളിക്കുകയാണെന്ന് കേജ്‌രിവാൾ തിരിച്ചടിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് സിംഗ് മന്നിന്റെ വീട്ടിൽ കമ്മിഷൻ പരിശോധന നടത്തിയെന്നും വിമർശിച്ചു.
പ്രചാരണത്തിന് അഖിലേഷ് യാദവും
ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്നലെ ഡൽഹിയിൽ കേജ്‌രിവാളിനൊപ്പം റോഡ് ഷോ നടത്തി. ആം ആദ്മിയെന്നാൽ നുണയും വഞ്ചനയുമാണെന്ന് രോഹിണിയിലെ രോഹിണിയിലെ റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്രപ്പെടുത്തി. കേജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്രമോദിയും നുണ പറയുന്ന കാര്യത്തിൽ തുല്യരാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |