
ന്യൂഡൽഹി : കുറിക്കുകൊള്ളുന്ന നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ സുപ്രീംകോടതി മുതിർന്ന ജഡ്‌ജിയും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്രിസുമായ ഹൃഷികേശ് റോയ് ഇന്നലെ റിട്ടയർ ചെയ്‌തു. തന്റെ തലയിലേക്ക് ആകാശം ഇടിഞ്ഞുവീഴുമെന്ന ഭയത്തോടെ ജീവിക്കുന്ന കാർട്ടൂൺ കഥാപാത്രത്തെപ്പോലെയാണ് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ ഭീഷണിയെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ചർച്ചയായിരുന്നു. ആസ്ടെറിക്‌സ് ആൻഡ് ഒബെലിക്‌സ് എന്ന ഫ്രഞ്ച് കാർട്ടൂൺ പരമ്പരയിൽ വൈറ്റൽസ്റ്റാറ്രിസ്ടിക്‌സ് എന്ന കഥാപാത്രത്തെ കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമാണെന്നും മുല്ലപ്പെരിയാർ കേസ് പരിഗണിക്കവെ പറഞ്ഞിരുന്നു. സാദാ ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി) ലൈസൻസുള്ളവർക്ക് മിനി ബസും മിനി ലോറിയും ഉൾപ്പെടെ 7,500 കിലോയിൽ താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാമെന്ന് വിധിച്ചത് അദ്ദേഹം അദ്ധ്യക്ഷനായ ബെഞ്ചാണ്. വേഗത്തിൽ പോകുന്ന ഏതൊരുവനും ഭ്രാന്തനാണെന്ന് നിരീക്ഷിച്ചതും ശ്രദ്ധിക്കപ്പെട്ടു.
ബുദ്ധനെ പോലെ
ഇന്നലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ സംഘടിപ്പിച്ച സെറിമോണിയൽ ബെഞ്ച് സിറ്റിംഗിൽ ജസ്റ്രിസ് ഹൃഷികേശ് റോയിയെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സഹജഡ്‌ജിമാർ, അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, അഭിഭാഷകർ തുടങ്ങിയവർ പ്രകീർത്തിച്ചു. മുഖത്ത് സദാ പുഞ്ചിരി സൂക്ഷിക്കുന്ന ജഡ്‌ജിയെന്ന് പറഞ്ഞു. അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഉപമിച്ചത് ബുദ്ധനോടാണ്. അത്രയധികം ശാന്തമായിരുന്നു അദ്ദേഹത്തിന്റെ കോടതിയെന്ന് ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതിയിലും
ഗുവാഹത്തി സ്വദേശിയാണ്. 2018 മേയിൽ ആക്‌ടിംഗ് ചീഫ് ജസ്റ്റിസായി കേരളത്തിലെത്തിയ ഹൃഷികേശ് റോയ്, ആ വർഷം ആഗസ്റ്റിൽ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2019 സെപ്‌തംബറിൽ സുപ്രീംകോടതി ജഡ്‌ജിയായി സ്ഥാനക്കയറ്റം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |