SignIn
Kerala Kaumudi Online
Thursday, 22 October 2026 4.45 PM IST

ആം ആദ്മിയെ വെട്ടിലാക്കി 7 എം.എൽ.എമാരുടെ രാജി

e

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് നാല് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഡൽഹിയിൽ ഏഴ് ആം ആദ്മി എം.എൽ.എമാർ രാജിവച്ചത്, പാർട്ടിയെ വെട്ടിലാക്കി. സീറ്റ് ലഭിക്കാത്ത ആറു പേരടക്കം ഏഴ് പേരാണ് രാജി വച്ചത്. രോഹിത് കുമാർ മെഹ്റോളിയ, രാജേഷ് റിഷി, മദൻ ലാൽ, നരേഷ് യാദവ്, ഭൂപീന്ദർ സിംഗ് ജൂൻ, ഭാവ്നാ ഗൗ‌ഡ്, പവൻ ശർമ്മ എന്നിവരാണ് പാർട്ടി വിട്ടതും എം.എ.എ സ്ഥാനം രാജിവച്ചതും. പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനും നിയമസഭാ സ്‌പീക്കർക്കും രാജിക്കത്ത് അയച്ചു. ഇതിൽ നരേഷ് യാദവിന് സിറ്രിംഗ് സീറ്റ് നൽകിയിരുന്നെങ്കിലും ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ പാർട്ടി ഒഴിവാക്കിയിരുന്നു. നരേഷിന് പകരം മഹേന്ദർ ചൗധരിയെ മെഹ്റോളി മണ്ഡലത്തിൽ രംഗത്തിറക്കുകയും ചെയ്‌തു.

കേജ്‌രിവാളിൽ വിശ്വാസം നഷ്‌ടപ്പെട്ടെന്നാണ്, പാലം മണ്ഡലത്തിലെ എം.എൽ.എ ഭാവ്നാ ഗൗ‌ഡ് പ്രതികരിച്ചത്. പാർട്ടി അഴിമതിയുടെ ചതുപ്പിൽ മുങ്ങിയെന്ന് നരേഷ് യാദവിന്റെ രാജിക്കത്തിൽ പറയുന്നു.

കൊള്ളയടിക്കുന്നെന്ന് മോദി

ആം ആദ്മി പാർട്ടിക്കെതിരെ ആക്രമണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആം ആദ്മി ഡൽഹിയുടെ വിഭവങ്ങളെ കൊള്ളയടിക്കുന്നുവെന്ന്, ഇന്നലെ ദ്വാരകയിൽ നടന്ന പ്രചാരണയോഗത്തിൽ മോദി ആരോപിച്ചു. രാജ്യതലസ്ഥാനത്തിന്റെ പണം രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനല്ല,​ പരസ്യത്തിനാണ് തുക ചെലവഴിക്കുന്നത്. ഡൽഹിയുടെ പുരോഗതിക്ക് ഡബിൾ എൻജിൻ സർക്കാരിനെ തിരഞ്ഞെടുക്കണമെന്നും അഭ്യർത്ഥിച്ചു. ബി.ജെ.പി അധികാരത്തിലെത്തിയാൽ അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കും.

നേരിട്ട് ഹാജരായി കേജ്‌രിവാൾ

ഹരിയാനയിലെ ബി.ജെ.പി സർക്കാർ യമുനയിൽ വിഷം കലക്കിയെന്ന് ആരോപണമുന്നയിച്ച കേജ്‌രിവാൾ, ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകി. മറുപടി ശാന്തമായി കേട്ടെന്നും വിശദമായി അവലോകനം ചെയ്‌ത് മെറിറ്റിൽ തീരുമാനമെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചു. യമുനയിൽ അമോണിയത്തിന്റെ അളവ് വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കേജ്‌രിവാളിന്റെ ആരോപണം. അക്കാര്യത്തിൽ വസ്‌തുതാപരമായ തെളിവ് സഹിതം വിശദീകരണമാണ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നത്.

വേട്ടയാടുന്നു

തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ വേട്ടയാടുകയാണെന്ന് കേജ്‌രിവാൾ പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ നടപടിയെടുക്കാൻ വെല്ലുവിളിച്ച് കത്തും കൈമാറി. ഹരിയാനയിൽ നിന്നും ഡൽഹിക്ക് നൽകുന്ന വെള്ളത്തിൽ ഉയ‌ർന്ന അളവിൽ അമോണിയമുണ്ടെന്ന് ആവർത്തിച്ചു. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360