SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

കുംഭമേള : പുണ്യസ്‌നാനം ചെയ്‌തവർ 30 കോടി കടന്നു

d

ന്യൂഡൽഹി: ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണീ സംഗമത്തിൽ സ്‌നാനം ചെയ്‌തവർ 30 കോടി കടന്നു. ഇന്നലെ ഒരു കോടി 30 ലക്ഷം പേർ ത്രിവേണീ സംഗമത്തിൽ പുണ്യസ്‌നാനം ചെയ്‌തുവെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ കണക്ക്. അതേസമയം, ബുധനാഴ്ച പുലർച്ചെ മൗനി അമാവാസി ദിനത്തിലെ തിക്കിലും തിരക്കിലുംപ്പെട്ട് കാണാതായ സ്ത്രീകളടക്കം ഒട്ടേറെ ഭക്തരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരുടെ ചിത്രങ്ങൾ സഹിതം വിവരങ്ങൾ യു.പി പൊലീസ് പുറത്തുവിട്ടു. 30 പേർ മരിച്ചെന്നും 60 പേർക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക വിശദീകരണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹന പാ‌ർക്കിംഗ് ഉൾപ്പെടെ ക്രമീകരണങ്ങളിൽ ഇന്നലെ മാറ്റങ്ങൾ കൊണ്ടുവന്നു. വി.ഐ.പി വാഹനങ്ങൾക്കും പ്രത്യേക പാസ് നൽകില്ല. ഇതിനിടെ, യഥാർത്ഥ മരണനിരക്ക് ആദിത്യനാഥ് സർക്കാർ മറച്ചുവയ്‌ക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

 ജുഡിഷ്യൽ കമ്മിഷൻ സന്ദർശിച്ചു

തിക്കിലും തിരക്കിലും ഭക്തർ മരിച്ച കുംഭമേളയിലെ മേഖല മൂന്നംഗ ജുഡിഷ്യൽ കമ്മിഷൻ സംഘം ഇന്നലെ സന്ദർശിച്ചു. കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ഹർഷ് കുമാർ, അംഗങ്ങളായ മുൻ ഡി.ജി.പി വി.കെ. ഗുപ്‌ത, റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡി.കെ. സിംഗ് എന്നിവരാണ് ത്രിവേണീ സംഗമത്തിന് സമീപമെത്തിയത്. ഉന്നത ഉദ്യോഗസ്ഥരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രയാഗ്‌രാജിൽ യോഗവും ചേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360