
ന്യൂഡൽഹി: 26 റഫാൽ-മറൈൻ യുദ്ധവിമാനങ്ങൾക്കുള്ള ഇടപാട് വേഗത്തിലാക്കാനുള്ള ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തയാഴ്‌ചത്തെ ഫ്രാൻസ് സന്ദർശനത്തിലുണ്ടാകുമെന്ന് സൂചന. ഫ്രാൻസിൽ നിന്ന് മൂന്ന് സ്കോർപീൻ അന്തർവാഹിനികൾ വാങ്ങുന്നതിനുള്ള ഇടപാടും ചർച്ചയാകും.
ഫ്രാൻസിൽ നിർമ്മിത ബുദ്ധി(എ.ഐ) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് 10ന് പ്രധാനമന്ത്രി പോകുന്നത്. ഇതിനിടെ,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്‌ചയിൽ പ്രതിരോധ ഇടപാടും അജണ്ടയാണെന്നാണ് സൂചന. റഫാൽ,സ്‌കോർപീൻ ഇടപാടുകൾ മാർച്ചിൽ അന്തിമമാക്കാനാണ് നീക്കം.
26 റഫാൽ മറൈൻ യുദ്ധവിമാനങ്ങൾക്കും മൂന്ന് സ്‌കോർപിയോൺ ക്ളാസ് അന്തർവാഹിനികൾക്കുമുള്ള ഇടപാടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ(ഡി.എ.സി) കഴിഞ്ഞ ജൂലായിൽ അംഗീകാരം നൽകിയിരുന്നു.
22 സിംഗിൾ സീറ്റ് ജെറ്റുകൾ
22 സിംഗിൾ സീറ്റ് ജെറ്റുകൾ,നാല് ഇരട്ട സീറ്റ് പരിശീലന വിമാനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ,ആയുധങ്ങൾ,സിമുലേറ്റർ,സ്‌പെയറുകൾ,രേഖകൾ, പരിശീലനം, ലോജിസ്റ്റിക് പിന്തുണ എന്നിവ അടക്കമാണ് റഫാൽ ഇടപാട്. ഏപ്രിലിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെക്കോണു ഇന്ത്യയിലെത്തുമ്പോൾ കരാർ ഒപ്പിടാനാണ് ആലോചന. യുദ്ധവിമാനങ്ങൾ
ഐ.എൻ.എസ് വിക്രമാദിത്യ,ഐ.എൻ.എസ് വിക്രാന്ത് എന്നിവയിൽ വിന്ന്യസിക്കും.
കരാർ പ്രകാരം മൂന്ന് സ്കോർപീൻ അന്തർവാഹിനികൾ ഫ്രാൻസിലെ നേവൽ ഗ്രൂപ്പും മുംബയിലെ മസഗോൺ ഡോക്ക് യാർഡ് ലിമിറ്റഡും ചേർന്നാണ് നിർമ്മിക്കുക. ഇവയിൽ ആദ്യത്തേത് 2031ൽ പുറത്തിറങ്ങിയേക്കും.
സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുമായി ബന്ധപ്പെട്ട് 2,867 കോടിയുടെ മറ്റ് രണ്ട് കരാറുകളിൽ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ മാസം ഒപ്പുവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |