
ഭുവനേശ്വർ: ഇലക്ട്രിക് പോസ്റ്റുകൾ മോഷ്ടിച്ചയാൾക്ക് ഉപാധികളോടെ ജാമ്യം നൽകി ഒറീസ ഹൈക്കോടതി. 200 മരത്തൈകൾ വച്ചുപിടിപ്പിക്കണമെന്നും രണ്ട് വർഷത്തേക്ക് പരിപാലിക്കണമെന്നാണ് ഉപാധി. മാനസ് ആതി എന്ന ജാർസുഗുഡ സ്വദേശിക്ക് വ്യത്യസ്തമായ ഉപാധികളോടെ ജസ്റ്റിസ് എസ്.കെ പ്രാണിഗ്രഹിയാണ് തിങ്കളാഴ്ച ജാമ്യം നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ആറ് ഇലക്ട്രിക് പോസ്റ്റുകൾ മാനസ് മോഷ്ടിച്ചത്. മാനസിന് തന്റെ ഗ്രാമത്തിന് ചുറ്റുമുള്ള സർക്കാർ ഭൂമിയിലോ അല്ലെങ്കിൽ സ്വകാര്യ ഭൂമിയിലോ മരത്തൈകൾ വച്ചുപിടിപ്പിക്കാം. മാവ്, വേപ്പ്, പുളി എന്നിങ്ങനെയുള്ള 200 തൈകൾ വച്ചുപിടിപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്. വച്ചുപിടിപ്പിച്ചാൽ മാത്രം പോര രണ്ടുവർഷം നല്ലരീതിയിൽ ഇവയെ പരിപാലിക്കുകയും ചെയ്യണം. തൈകൾ വക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി ലോക്കൽ പൊലീസ്,വനം വകുപ്പ് ഉദ്യോഗസ്ഥർ റവന്യു ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തണമെന്നും കോടതി വിധിച്ചു.
നട്ടുപിടിപ്പിക്കുന്നതിനാവശ്യമായ ചെടികൾ നൽകാൻ ജില്ലാ നേഴ്സറിയോട് കോടതി ഉത്തരവിട്ടു. ചെടികൾ നടുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ റവന്യു ഉദ്യോഗസ്ഥർ നിർദ്ദേശിക്കും. രണ്ടാഴ്ച കൂടുമ്പോൾ മാനസ് ആതി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |