
റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപൂരിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി രണ്ട് പ്രദേശവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ നടന്ന ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ. ജില്ലാ റിസർവ് ഗാർഡും (ഡി.ആർ.ജി) സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സും (സി.ആർ.പി.എഫ്) ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിനിടെ ഒരു ജവാൻ ഐ.ഇ.ഡിയിൽ ചവിട്ടിയതോടെ സ്ഫോടനമുണ്ടായി. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം തലബ്പാറ സ്വദേശി കർം രാജു ബാരെ (32), നായപ്പാറ സ്വദേശി മദ്വി മുന്ന (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ കഴുത്തറുത്ത നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഇവരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |