
ഭോപ്പാൽ: ഇന്ത്യൻ വ്യോമസേനയുടെ (ഐ.എ.എഫ്) ഇരട്ട സീറ്റുള്ള മിറാഷ് 2000 യുദ്ധവിമാനം മദ്ധ്യപ്രദേശിലെ ശിവപുരിക്ക് സമീപം തകർന്നുവീണു. പതിവ് പരിശീലനത്തിനിടെ ഇന്നലെ ഉച്ചയ്ക്ക് 2:20 ഓടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറ് മൂലമാണ് അപകടമെന്നാണ് പ്രാഥമിക വിവരം. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം,തകർന്ന വിമാനത്തിന്റെ ദൃശ്യങ്ങളും ഇതിനകം തന്നെ പുറത്തുവന്നു. യുദ്ധവിമാനം നിലംപതിച്ച ഉടനെ തീയും കറുത്ത പുക ഉയർന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനം തകർന്നു വീഴുന്നതിന്റെ ശബ്ദംകേട്ടാണ് സമീപമുള്ള ഗ്രാമവാസികളും പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. വിമാനം പാടത്ത് വീണതിനാൽ വലിയ അപകടം ഒഴുവാകുകയായിരുന്നു.
ഇന്ത്യൻ വ്യോമസേന നടത്തിയ നിർണായക ഓപ്പറേഷനുകളുടെ ഭാഗമായ യുദ്ധവിമാനമാണ് മിറാഷ് 2000.
2019ലെ ബാലകോട്ട് വ്യോമാക്രമണത്തിലും മിറാഷ് 2000 ഉപയോഗിച്ചിരുന്നു.
ഫ്രാൻസിന്റെ ദസ്സാൾട്ട് ഏവിയേഷൻ നിർമ്മിച്ച മൾട്ടിറോൾ ഫൈറ്റർ ജെറ്റ് മിറാഷ് 2000 1978 ലാണ് ആദ്യമായി പറന്നത്. ഫ്രഞ്ച് വ്യോമസേന 1984ൽ ഇത് ഉൾപ്പെടുത്തി; 600 മിറാഷ് 2000 നിർമ്മിച്ചു, അതിൽ 50 ശതമാനവും ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുകയായിരുന്നു. മിറാഷ് 2000ന്റെ സിംഗിൾ സീറ്ററുമുണ്ട്.
2024 നവംബറിൽ, ഒരു മിഗ് -29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപമുള്ള ഒരു മൈതാനത്ത് പതിവ് പരിശീലനത്തിനിടെ സാങ്കേതിക തകരാർ മൂലം തകർന്നുവീണിരുന്നു. അപകടസമയത്ത് പൈലറ്റ് സ്വയം രക്ഷപ്പെട്ടു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം അഭ്യാസത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |