SignIn
Kerala Kaumudi Online
Thursday, 22 October 2026 4.45 PM IST

സ്വർഗീയ സുഖത്തിനു പോയി; അടിമകളെപ്പോലെ മടങ്ങി

s

ന്യൂഡൽഹി: ഉള്ളതെല്ലാം വിറ്റുപെറുക്കി ഏജന്റിന് നൽകിയപ്പോൾ യു.എസിലെ സ്വപ്‌ന ജീവിതമായിരുന്നു അവരുടെ മനസിൽ. എന്നാൽ സ്വപ്‌നഭൂമി അവർക്ക് നൽകിയത് തീരാദുരിതം.

രേഖകളില്ലാത്തതിന്റെ പേരിൽ പിടിക്കപ്പെട്ട് നാടുകടത്തിയവർക്കെല്ലാമുണ്ട് ദുരിതകഥ പറയാൻ. നാട്ടിൽ നിന്ന് പോയതു മുതൽ നേരിട്ട ദുരന്തത്തിന്റെ തുടർച്ചയായിരുന്നു യു.എസ് വിമാനത്തിൽ ചങ്ങലയ്‌ക്കിട്ട മടക്കയാത്ര.

പഞ്ചാബിലെ തഹ്‌ലി ഗ്രാമവാസിയായ ഹർവീന്ദർ സിംഗ് ഏജന്റിന് നൽകിയത് 42 ലക്ഷം രൂപ. എന്നാൽ പറഞ്ഞ വിസ നൽകിയില്ല. അതു ലഭിക്കുമെന്ന് മോഹിപ്പിച്ച് ഡൽഹിയിൽ നിന്ന് ഖത്തറിലേക്കും ബ്രസീലിലേക്കും വിമാനയാത്ര. അവിടെനിന്ന് പെറുവിലേക്ക് വിമാനം ലഭിക്കുമെന്ന് പറഞ്ഞെങ്കിലും റോഡുമാർഗം കൊളംബിയ വഴി പനാമയിലെത്തിച്ചു. പനാമയിൽ നിന്ന് കപ്പലിൽ യു.എസിലേക്കെന്ന വാക്കും വെറുതെയായി.

രണ്ടു ദിവസത്തെ അതിദുർഘ‌ട യാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്. മലനിരകൾ താണ്ടിയുള്ള നടത്തം. അടുത്ത ദിവസം കടൽത്തീരത്തെത്തി. നാലുമണിക്കൂർ ബോട്ട് യാത്ര. തിരയിൽ ബോട്ട് മറിഞ്ഞ് കൂടെയുള്ള ഒരാൾ മരിച്ചു. ബോട്ടിറങ്ങിയ ശേഷം ദുർഘടമായ പനാമാ കാടുകളിലൂടെയായിരുന്നു യാത്ര. ആ യാത്രയ്‌ക്കിടയിലും ഒരു സഹയാത്രികന്റെ മരണത്തിന് സാക്ഷിയായി.

ജലന്ധറിലെ ദാരാപൂർ സ്വദേശി സുഖ്പാൽ സിംഗിനും പറയാനുള്ളത് സമാന ദുരിതയാത്ര. കടൽ മാർഗം 15 മണിക്കൂർ യാത്ര ചെയ്തു. മലപ്രദേശങ്ങളിലൂടെ 40-45 കിലോമീറ്റർ നടന്നു. നടത്തത്തിനിടെ പരിക്കേറ്റ ചിലരെ വഴിയിൽ ഉപേക്ഷിച്ചു. യാത്രാവഴിയിലുടനീളം നിരവധി മൃതദേഹങ്ങൾ കണ്ടു. മെക്‌സിക്കൻ-യു.എസ് അതിർത്തിയിൽ പൊലീസിന്റെ പിടിവീണു. 14 ദിവസം ഇരുട്ടറയിലായിരുന്നു. 3 കുട്ടികളും 19 സ്ത്രീകളും ബുധനാഴ്ച അമൃത്‌സറിലിറങ്ങിയ വിമാനത്തിലുണ്ടായിരുന്നു.

യു.എസിൽ കുടിയേറ്റമാഗ്രഹിക്കുന്ന, പഞ്ചാബിലെ 'എൻ.ആർ.ഐ ബെൽറ്റ് ' എന്നറിയപ്പെടുന്ന ജലന്ധർ, ഹോഷിയാർപൂർ, കപൂർത്തല, നവൻഷഹർ ജില്ലകളിലെ നിരവധി കുടുംബങ്ങൾ ആശങ്കയിലാണ്. വൻ തുക വായ്‌പയെടുത്താണ് ഇവർ വിസ കാത്തിരിക്കുന്നത്. കപൂർത്തലയിലെ ഗുർപ്രീത് സിംഗിന്റെ കുടുംബവീട് പണയപ്പെടുത്തി.

ക്രിമിനൽ പശ‌്ചാത്തലം

പരിശോധിച്ചു

യു.എസിൽ നിന്ന് അമൃത്‌സറിലെത്തിയ ഇന്ത്യക്കാരെ പഞ്ചാബ് പൊലീസ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ വിശദമായി ചോദ്യംചെയ്‌തു. ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നാണ് പരിശോധിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360