
സർക്കാരിന്റെയും സി.ബി.ഐയുടെയും ആവശ്യം പ്രതിക്ക് വധശിക്ഷ
കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ വനിതാ ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ മമത സർക്കാരിന് കൽക്കട്ട ഹൈക്കോടതിയിൽ തിരിച്ചടി. പ്രതി സഞ്‌ജോയ് റോയിക്ക് വധശിക്ഷ നൽകണമെന്ന സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. കേസ് അന്വേഷിച്ച സി.ബി.ഐയുടെ അപ്പീൽ സ്വീകരിച്ചു. പ്രതിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും മാത്രം വിധിച്ച കൊൽക്കത്തയിലെ സിയാൽദ കോടതി വിധിക്കെതിരെയാണ് സി.ബി.ഐയുടെയും അപ്പീൽ. വധശിക്ഷ നൽകേണ്ട അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് ചൂണ്ടിക്കാട്ടി. കേസ് അന്വേഷണവും,പ്രോസിക്യൂഷൻ നടപടികളും സി.ബി.ഐ നടത്തിയ സാഹചര്യത്തിൽ അവരുടെ അപ്പീൽ സ്വീകരിക്കുകയാണെന്ന് ജസ്റ്റിസുമാരായ ദെബാംഗ്സു ബസക്,മുഹമ്മദ് ഷബ്ബർ റാഷിദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പ്രതിക്ക് വധശിക്ഷ ലഭിക്കാത്തതിൽ പൊതുസമൂഹത്തിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. മെഡിക്കൽ കോളേജ് അധികൃതരുടെയും,കൊൽക്കത്ത പൊലീസിന്റെയും വീഴ്ചകളെ വിചാരണക്കോടതിയുടെ വിധിയിൽ രൂക്ഷമായി വിമർശിച്ചത് മമത സർക്കാരിന് ക്ഷീണമായി. ഇതിനിടെയാണ് അപ്പീലുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ നീക്കം മുഖംരക്ഷിക്കലിന്റെ ഭാഗമാണെന്ന് ആരോപണമുയർന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൂടുതലൊന്നും ചെയ്യേണ്ട കാര്യമില്ലെന്ന് ഇരയുടെ മാതാപിതാക്കൾ രോഷം പ്രകടിപ്പിക്കുകയും ചെയ്‌തു.
അതേസമയം,കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദംകേൾക്കലിന് സുപ്രീംകോടതി ഇന്നലെ വിസമ്മതിച്ചു. മാർച്ച് 17ന് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |