
കോയമ്പത്തൂർ: പീഡനശ്രമം ചെറുക്കുന്നതിനിടെ ഗർഭിണിയായ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവാവ് അറസ്റ്റിൽ. 27കാരനായ ഹേമരാജാണ് പിടിയിലായത്. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിൽ തിരുപ്പൂരിൽ നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് യാത്ര ചെയ്ത 36കാരിയാണ് ആക്രമണത്തിനിരയായത്. രാവിലെ 6.40ന് ലേഡിസ് കംപാർട്ട്മെന്റിലാണ് യുവതി കയറിയത്. അപ്പോൾ വേറെ ഏഴ് സ്ത്രീകളും ആ ബോഗിയിലുണ്ടായിരുന്നു. ജോലർപേട്ടൈ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അവരെല്ലാവരും ഇറങ്ങി. ഇതോടെ യുവതി തനിച്ചായി. ഈ സമയത്താണ് പ്രതി ഹേമരാജ് ബോഗിയിലേക്ക് ചാടിക്കയറിയത്. യുവതി ഒറ്റയ്ക്കാണെന്ന് മനസിലായതോടെ ഹേമരാജ് ആക്രമിക്കുകയായിരുന്നു. യുവതി പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു.
വീഴ്ചയിൽ കൈയ്ക്കും കാലിനും പരിക്കേറ്റ യുവതിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ വെല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഹേമരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കെ.വി കുപ്പം സ്വദേശിയായ ഹേമരാജിനെതിരെ നിരവധി കേസുകളുണ്ടെന്നും മുമ്പും ഇയാൾ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. സ്ഥിരം കുറ്റവാളിയായ ഇയാൾ അടുത്തിടെയാണ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയത്.
റിപ്പോർട്ട് ചെയ്യപ്പെടുന്ന ലൈംഗീകാതിക്രമങ്ങൾ സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലാണെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണം. സ്ത്രീകൾക്ക് ട്രെയിനിൽ പോലും സുരക്ഷിതരായി സഞ്ചരിക്കാൻ സാധിക്കുന്നില്ല. ഡി.എം.കെ സർക്കാർ സ്ത്രീ സുരക്ഷയിൽ പ്രത്യേക പരിഗണന നൽകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
-എടപ്പാടി പളനിസ്വാമി
എ.ഐ.എഡി.എം.കെ ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |