
ന്യൂഡൽഹി: നാടുകടത്തിയ ഇന്ത്യൻ കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ 40 മണിക്കൂർ വിലങ്ങും കാലുകളിൽ ചങ്ങലയിട്ടും കൊണ്ടുവന്നതിൽ യു.എസിനെ അതൃപ്‌തി അറിയിച്ച് ഇന്ത്യ. നാടുകടത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് യു.എസിനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. അതേസമയം,487 ഇന്ത്യൻ കുടിയേറ്റക്കാരെ ഉടൻ നാടുകടത്തുമെന്ന് യു.എസ് അറിയിച്ചു.
നാടുകടത്തുന്നവർക്ക് മാന്യമായ പെരുമാറ്റം ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം അമേരിക്കൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം യു.എസ് സൈനിക വിമാനത്തിൽ 104 ഇന്ത്യൻ കുടിയേറ്റക്കാർക്കുണ്ടായ ദുരിതം ആദ്യമാണെന്നും മിസ്രി ചൂണ്ടിക്കാട്ടി. വിമാനത്തിൽ മോശം പെരുമാറ്റത്തിന് വിധേയമായത് ഗൗരവമായ വിഷയമാണ്. സമാന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുടർന്നും ഏറ്റെടുക്കും.
അതേസമയം,നിയമവിരുദ്ധ കുടിയേറ്റം നിരുത്സാഹപ്പെടുത്താൻ കർശന നടപടി അനിവാര്യമാണെന്നും. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി പറഞ്ഞതുപോലെ ഇക്കാര്യത്തിൽ ഇന്ത്യയ്‌ക്ക് മാറി നിൽക്കാനാകില്ലെന്നും മിസ്രി വ്യക്തമാക്കി.
ഇനി വരാനുള്ളത് 487
പേരുടെ സംഘം
104 പേരെ ചങ്ങലയ്‌ക്കിട്ട് അമൃത്സറിൽ എത്തിച്ചതിന് പിന്നാലെ 487 ഇന്ത്യൻ പൗരൻമാരെ യു.എസിൽ നാടുകടത്താൻ തയ്യാറാക്കി നിറുത്തിയതായി വിദേശകാര്യ മന്ത്രാലയത്തിന് വിവരം ലഭിച്ചെന്ന് മിസ്രി പറഞ്ഞു. ഇതിൽ 298 വ്യക്തികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യയ്‌ക്ക് കൈമാറി. അവ പരിശോധിച്ചു വരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |