
ലക്‌നൗ: സമാജ്‌വാദി പാർട്ടിയും ബി.ജെ.പിയും തമ്മിൽ അഭിമാന പോരാട്ടം നടന്ന ഉത്തർപ്രദേശിലെ മിൽക്കിപൂരിൽ വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പിക്ക് ജയം. എസ്.പിയുടെ അജിത് പ്രസാദിനെ ബി.ജെ.പിയുടെ ചന്ദ്രഭാനു പാസ്വാൻ 70,000ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി. 14,6397 വോട്ടുകളാണ് ബി.ജെ.പി നേടിയത്. അജിതിന് 8,4687 വോട്ടുകൾ ലഭിച്ചു. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന അയോദ്ധ്യ ജില്ലയിലാണ് മിൽക്കിപൂർ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോദ്ധ്യയിലെ ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പി പരാജയപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വോട്ടർമാർക്കുംചന്ദ്ര ഭാനു പാസ്വാൻ നന്ദി പറഞ്ഞു.
സമാജ്‌വാദി പാർട്ടിയിലെ അവധേഷ് പ്രസാദ് ലോക്സഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് മിൽക്കിപൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ സിറ്റിംഗ് എം.എൽ.എയായിരുന്ന ഗോരഖ്നാഥിനെ പരാജയപ്പെടുത്തിയാണ് 2022ൽ അവധേഷ് എം.എൽ.എയായത്. അന്ന് ബി.ജെ.പി പരാജയപ്പെട്ട ഏക നിയമസഭാ സീറ്റായിരുന്നു മിൽക്കിപൂർ.
ഒരു അസംബ്ലി സീറ്റിൽ മാത്രമാണ് ഇത്തരം വിജയം സാദ്ധ്യമായത്. എന്നാൽ 403 നിയമസഭാ മണ്ഡലങ്ങളിൽ ഇത് സാദ്ധ്യമാകില്ല. 2027ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ബി.ജെ.പിക്കെതിരെ വെല്ലുവിളി ഉയർത്തും.
-അഖിലേഷ് യാദവ്
അമജ്വാദി പാർട്ടി അദ്ധ്യക്ഷൻ
2027ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ട്രെയിലറാണ് ഈ വിജയം. അടുത്ത തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അപ്രസക്തമാകും.
-കേശവ് പ്രസാദ് മൗര്യ
യു.പി ഉപമുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |