
ന്യൂഡൽഹി: ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെയുള്ള പരാതികൾ പരിഗണിക്കാൻ അധികാരമുണ്ടെന്ന ലോക്‌പാൽ ഉത്തരവിനെതിരെ കടുത്ത നിലപാടുമായി സുപ്രീംകോടതി. വിഷയത്തിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്,സൂര്യകാന്ത്,അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ സ്വമേധയാ കേസെടുത്തു. ലോക്പാൽ ഉത്തരവ് സ്റ്റേ ചെയ്‌തു. കേന്ദ്രസർക്കാരിനും ലോക്പാൽ രജിസ്ട്രാറിനും നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു. ലോക്‌പാലിന്റേത് അസ്വസ്ഥപ്പെടുത്തുന്ന നിലപാടാണ്. ജുഡിഷ്യറിയുടെ സ്വതന്ത്ര സ്വഭാവവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സിവിൽ കേസിൽ കക്ഷിയായ സ്വകാര്യ കമ്പനിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ ഒരു ഹൈക്കോടതി ജഡ്‌ജി, അഡിഷണൽ ജില്ലാ ജഡ്‌ജിയെയും മറ്റൊരു ഹൈക്കോടതി ജഡ്‌ജിയെയും സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ലോക്പാലിന് മുന്നിൽ പരാതിയെത്തിയിരുന്നു. ഇത് പരിഗണിക്കവെയാണ് ഹൈക്കോടതി ജഡ്‌ജിമാർ ലോക്പാൽ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ലോക്പാൽ ഫുൾബെഞ്ച് നിലപാടെടുത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തേടാനും തീരുമാനിച്ചു. ഇക്കാര്യം പുറത്തുവന്നയുടൻ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് സ്വമേധയാ ഇടപെടുകയായിരുന്നു. മാർച്ച് 18ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |