
ന്യൂഡൽഹി: ഇന്ത്യയിൽ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാൻ സന്നദ്ധ സംഘടനകൾക്ക് യു.എസ് എയിഡിന്റെ 21 മില്യൺ ഡോളർ ലഭിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ധവളപത്രമിറക്കണമെന്ന് കോൺഗ്രസ്. ഇന്ത്യൻ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ വിദേശത്ത് നിന്ന് ശ്രമം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആക്ഷേപം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശരിവച്ചതായി ബി.ജെ.പിയും പറയുന്നു. പ്രധാനമന്ത്രിയുടെ 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇതുമായി ബന്ധപ്പെട്ട പ്രസംഗങ്ങൾ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ ശ്രമിച്ചെന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തലോടെയാണ് ഇന്ത്യയിൽ രാഷ്ട്രീയപ്പോര് രൂക്ഷമായത്.
യു.എസ് പ്രസിഡന്റ് അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങൾ നടത്തുന്നത് പതിവാണെങ്കിലും ഇക്കാര്യത്തിൽ വിശദമായ ധവളപത്രം സർക്കാർ പുറത്തിറക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
കോൺഗ്രസ് വിദേശ പണം ഉപയോഗിച്ച് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ഗൂഢാലോചനകൾ നടത്തിയെന്ന് ബി.ജെ.പി വക്താവ് രവിശങ്കർ പ്രസാദ് ആരോപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശ സഹായം തേടിയെന്ന് ട്രംപിന്റെ പ്രസ്താവന തെളിയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |