SignIn
Kerala Kaumudi Online
Friday, 23 October 2026 10.34 AM IST

തെലങ്കാന തുരങ്ക അപകടം കുടുങ്ങിയിട്ട് രണ്ട് ദിവസം: രക്ഷാപ്രവർത്തനം ദുഷ്കരം

READ ENGLISH VERSION
f

ഹൈദരാബാദ്: തെലങ്കാനയിൽ എട്ട് പേർ തുരങ്കത്തിൽ കുടുങ്ങിയിട്ട് 48 മണിക്കൂർ പിന്നിട്ടു. തുരങ്കത്തിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നതിനാൽ രക്ഷാദൗത്യം അതീവ ദുഷ്കരം. സൈന്യമടക്കമുള്ള ദൗത്യസംഘത്തിന് അകത്തേക്ക് പ്രവേശിക്കാനാകുന്നില്ല. 100 ഹോഴ്സ് പവർ ശേഷിയുള്ള പമ്പുകൾ പമ്പുകളുപയോഗിച്ച് വെള്ളവും ചെളിയും മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഇടയ്ക്ക് എയർ ചേംബറും കൺവെയർ ബെൽറ്റും തകർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.

അതിനിടെ,തുരങ്കത്തിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് തകർന്ന ബോറിംഗ് മെഷീന്റെ അടുത്ത് വരെ ദൗത്യസംഘം എത്തിയത് പ്രതീക്ഷയാണെന്ന് അധികൃതർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരോട് ലൗഡ് സ്പീക്കർ വഴി സംസാരിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഓക്സിജൻ,ഭക്ഷണം,ചൂട്,മർദ്ദം എന്നിവയുടെ അഭാവത്താൽ ബോധരഹിതരാവാനുള്ള സാദ്ധ്യതയും കണക്കിലെടുക്കുന്നുണ്ട്. അതേസമയം,​ തുരങ്കത്തിൽ ഓക്‌സിജനും വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതിനിടെറാറ്റ് മൈനേഴ്സ് ഉൾപ്പടെയുള്ള വിദഗ്ദ്ധസംഘത്തെ എത്തിക്കാമെന്ന് കേന്ദ്രസർക്കാർ തെലങ്കാനയ്ക്ക് ഉറപ്പ് നൽകി.

ശനിയാഴ്ച രാവിലെ പത്തോടെയായായിരുന്നു അപകടം. നാഗർ കുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചുകൊണ്ടിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. രണ്ട് പ്രൊജക്റ്റ്,സൈറ്റ് എൻജിനിയർമാരും ആറ് തൊഴിലാളികളുമാണ് കുടുങ്ങിയത്. തുരങ്ക നിർമ്മാണത്തിന് കരാറെടുത്ത കമ്പനിയുടെയും ബോറിംഗ് മെഷീൻ എത്തിച്ച കമ്പനിയുടെയും ജീവനക്കാരാണിവർ. പഞ്ചാബ്, യു.പി, ജമ്മു കാശ്മീർ, ജാർഖണ്ഡ് സ്വദേശികളാണ്. ഒരു വർഷമായി നിറുത്തിവച്ചിരുന്ന തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ച മുൻപാണ് ആരംഭിച്ചത്.

മുട്ടറ്റം ചെളിയും വെള്ളവും

പ്രവേശന കവാടത്തിൽ നിന്ന് 13.5 കിലോമീറ്റർ അകലെയാണ് എട്ടുപേരും കുടുങ്ങിക്കിടക്കുന്നത്. എന്നാൽ 9 കിലോമീറ്ററിനപ്പുറം കൺവേയർ ബെൽറ്റടക്കം തകർന്ന് ചെളിയും വെള്ളവും മൂടി. മുട്ടറ്റം ചെളിയും നാല് മീറ്ററോളം ഉയരത്തിൽ വെള്ളവുമാണ്. ദൗത്യസംഘത്തിന് ഈ സാഹചര്യത്തിൽ അകത്തേക്ക് കടക്കാനാകില്ല. അപകടമുണ്ടായ സ്ഥലത്തേക്ക് ഡ്രിൽ ചെയ്ത് കടക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും മേൽക്കൂര കൂടുതൽ ഇടിയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ശ്രമം ഉപേക്ഷിച്ചിരുന്നു. മേൽക്കൂരയിൽ നിന്ന് വെള്ളം ഊർന്നിറങ്ങി ദുർബലമായതാണ് ഇത്ര വലിയ ദുരന്തത്തിന് വഴി വച്ചതെന്നാണ് നിഗമനം.

300 ഓളം അംഗങ്ങൾ


ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), ആർമി,നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻ.എച്ച്.ഐ.ഡി.സി.എൽ), സിംഗാരേണി കോളിയറീസ്, എസ്.ഡി.ആർ.എഫ് എന്നിവിടങ്ങളിൽ നിന്നുള്ള 300 ഓളം അംഗങ്ങൾ ഉൾപ്പെട്ട സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനത്തിനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360