
ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപണം നേരിടുന്ന ആർ.ജെ.ഡി ചീഫ് വിപ്പിന്റെ എം.എൽ.സി സ്ഥാനം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് വിപ്പ് സുനിൽ കുമാർ സിംഗിനെ നിയമസഭയിൽ നിന്ന് പുറത്താക്കിയ നടപടി ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ശിക്ഷ അച്ചടക്കം ഉറപ്പിക്കാനാകണം. പ്രതികാരനടപടിയെന്ന നിലയിലാകരുതെന്ന് ഓർമ്മിപ്പിച്ചു. സുനിൽ കുമാറിന്റെ സഭയിലെ പെരുമാറ്രം മോശമായിരുന്നുവെന്നും നിയമസഭാംഗത്തിന് ചേരുന്നതായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എത്തിക്‌സ് കമ്മിറ്രിക്ക് മുന്നിലും ധിക്കാരപൂർവം പെരുമാറി. എന്നാലും അംഗത്തിനെതിരെ നിസാര വിമർശനം നടത്തിയെന്നതിന്റെ പേരിൽ പുറത്താക്കൽ നടപടി അനുവദിക്കാനാകില്ലെന്ന നിലപാട് കോടതി സ്വീകരിച്ചു. സഭയുടെ മാന്യത ഉയർത്തിപിടിക്കുന്ന പ്രവൃത്തിയുണ്ടാകണമെന്ന് സുനിൽ കുമാർ സിംഗിന് മുന്നറിയിപ്പ് നൽകി.പുറത്താക്കൽ നടപടി നിയമസഭാ നടപടികളുടെയോ തീരുമാനത്തിന്റെയോ ഭാഗമായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമസഭയിലെ ശിക്ഷാനടപടികളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന വാദവും തള്ളി. നടപടിയുടെ സാധുത പരിശോധിക്കാൻ കോടതിക്ക് കഴിയും. അത് നിയമനിർമ്മാണസഭയ്‌ക്ക് മേലുള്ള കടന്നുകയറ്റമല്ല. ഭരണഘടനയുടെ ആധിപത്യം ഉറപ്പിക്കുന്ന സംരക്ഷണനടപടിയാണെന്ന് കോടതി വ്യക്തമാക്കി. പുറത്താക്കലിനെതിരെ ആർ.ജെ.ഡി ചീഫ് വിപ്പ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സുനിൽ കുമാർ സിംഗ് വിജയിച്ച മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. ആ നടപടിയും സുപ്രീംകോടതി റദ്ദാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |