
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്ന് ഡൽഹി സർവകലാശാല. എന്നാൽ, അപരിചിതരെ കാണിക്കാൻ കഴിയില്ലെന്ന് ഇന്നലെ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സർവകലാശാലയുടെ മുൻ വിദ്യാർത്ഥി ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്നാണ് ആക്‌ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെടുന്നത്. തങ്ങൾക്ക് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല. 1978ലെ ബി.എ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാം. പക്ഷെ രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതർക്ക് സർട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്ന് ഡൽഹി സർവകലാശാലയ്‌ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
1978ൽ മോദി പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന സർവകലാശാലയോട് ആക്‌ടിവിസ്റ്റ് ആവശ്യപ്പെട്ടത്. കേന്ദ്ര വിവരാവകാശ കമ്മിഷനും വിവരങ്ങൾ കൈമാറാൻ സർവകലാശാലയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. 2017ലെ ഈ നടപടിക്കെതിരെ ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദമുഖങ്ങൾ പൂർത്തിയായതിനാൽ ജസ്റ്റിസ് സച്ചിൻ ദത്ത ഹർജിയിൽ വിധി പറയാൻ മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |