SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

ഡൽഹിയിൽ പോരുമുറുക്കി പാർട്ടികൾ ആം ആദ്മി തെരുവിൽ ബി.ജെ.പി സഭയിൽ

atishi

ന്യൂഡൽഹി : ഡൽഹി നിയമസഭയിൽ നിന്ന് പ്രതിപക്ഷ നേതാവ് അതിഷിയെയും 21 എം.എൽ.എമാരെയും പുറത്താക്കിയ നടപടിക്കെതിരെ തെരുവിൽ പ്രതിഷേധം കടുപ്പിച്ച് ആം ആദ്മി. മുൻ ആംആദ്മി സർക്കാരിന്റെ കാലത്ത് അന്നത്തെ ബി.ജെ.പി എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാത്തതിൽ അന്വേഷണം നടത്തുമെന്ന് നിയമസഭയിൽ ബി.ജെ.പി. പരസ്‌പരം പോർവിളിച്ച് ഇരുപാർട്ടികളും. പുറത്താക്കപ്പെട്ട എം.എൽ.എമാർ അതിഷിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് എത്തിയെങ്കിലും പൊലീസ് ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടു പോകാൻ അനുവദിച്ചില്ല. ഇതോടെ, അതിഷിയും സംഘവും റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. 'ജയ് ഭീം' വിളിച്ചതിനാണ് സഭയിൽ നിന്ന് പുറത്താക്കിയതെന്നും, അധികാരം ലഭിച്ചതോടെ ബി.ജെ.പിക്ക് സ്വേച്ഛാധിപത്യ മനോഭാവമാണെന്നും അതിഷി ആരോപിച്ചു. നിയമസഭാ വളപ്പിൽ കയറാൻ പോലും അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ടു. ഇത് ഡൽഹി നിയമസഭയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ്.

ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയുടെ നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തിയതിനാണ് നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് സാഹിബ് സിംഗ് വെർമ തിരിച്ചടിച്ചു. വലിയ കുറ്രകൃത്യമാണത്. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും പറ‌ഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിൽ സ്ഥാപിച്ചിരുന്ന ഡോ. ബി.ആർ. അംബേദ്കറുടെ ഫോട്ടോ മാറ്രി അതേസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വച്ചെന്ന് ആരോപിച്ച് ചൊവ്വാഴ്ച പ്രതിപക്ഷം വൻ പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് ഫെബ്രുവരി 28 വരെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

 സി.സി.ടി.വിയിൽ അന്വേഷണം

ഡൽഹിയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ മുൻ ആംആദ്മി സർക്കാർ തീരുമാനിച്ചെങ്കിലും ബി.ജെ.പി എം.എൽ.എമാർ പ്രതിനിധീകരിച്ച എട്ട് മണ്ഡലങ്ങളെ അവഗണിച്ചെന്ന് നിയമസഭയിൽ ആരോപണമുയർന്നു. ബി.ജെ.പി എം.എൽ.എയായ ഒ.പി. ശർമ്മയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. 1.40 ലക്ഷം സി.സി.ടി.വി ക്യാമറകൾ വാങ്ങിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി പർവേഷ് സാഹിബ് സിംഗ് വെർമ മറുപടി നൽകി.

 സ്ഥലനാമങ്ങൾ മാറ്റണം

മുഹമ്മദ്പൂരിനെ മാധവ്പൂരെന്നും, നജഫ്ഗഡിനെ നഖർഗഡെന്നും പേര് മാറ്റണമെന്ന് ബി.ജെ.പി എം.എൽ.എ നീലം പഹൽവാൻ നിയമസഭയിൽ ആവശ്യപ്പെട്ടത് വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. മുഗൾ രാജവംശം പേരുകൾ മാറ്റിയിരുന്നുവെന്നാണ് ആരോപണം. മുസ്‌തഫാബാദിനെ ശിവ് പുരിയെന്നോ ശിവ വിഹാറെന്നോ മാറ്റണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് മോഹൻ സിംഗ് ബിഷ്‌ട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, ബിഷ്‌ടിനെ ഡെപ്യൂട്ടി സ്‌പീക്കറായി ഇന്നലെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360