SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

ഉത്തരാഖണ്ഡിൽ ഹിമപാതം 25 തൊഴിലാളികൾക്കായി തെരച്ചിൽ; 32 പേരെ രക്ഷിച്ചു 4 പേരുടെ നില ഗുരുതരം ജമ്മു കാശ്‌മീരിൽ വൻ മഞ്ഞുവീഴ്ച

hg

ന്യൂഡൽഹി: ഇന്ത്യ-ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള മനായിൽ ഇന്നലെ രാവിലെ 7.15ഓടെയുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ 57 തൊഴിലാളികളിൽ 32 പേരെ രക്ഷപ്പെടുത്തി. ബാക്കി 25 തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. രക്ഷപ്പെട്ട തൊഴിലാളികളിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ മനയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി സ്ഥിതിഗതികൾ വിലയിരുത്തി.

മനായ്‌ക്കും ബദ്രിനാഥിനും മദ്ധ്യേയുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ തൊഴിലാളി ക്യാമ്പിന് മുകളിലേക്ക് മഞ്ഞിടിഞ്ഞ് വീഴുകയായിരുന്നു. ആ സമയത്ത് എട്ടു കണ്ടെയ്‌നറുകളിലും ഒരു ഷെഡിലുമായാണ് 57 തൊഴിലാളികൾ ഉണ്ടായിരുന്നത്.

രക്ഷാപ്രവർത്തനത്തിന്

ഐബക്‌സ് ബ്രിഗേഡ്

മഞ്ഞുമൂടിയ ഹിമാലയൻ മലനിരകളിൽ രക്ഷാപ്രവർത്തനം നടത്താൻ വിദഗ്ദ്ധ പരിശീലനം നേടിയ കരസേനയിലെ ഐബക്‌സ് ബ്രിഗേഡിന്റെ 100 പേരടങ്ങുന്ന സംഘവും സംഭവ സ്ഥലത്തെത്തി. ഡോക്‌ടർമാർ,ആംബുലൻസുകൾ എന്നിവ സജ്ജമായി. രാവിലെ 11.50ഓടെ തൊഴിലാളികൾ കുടുങ്ങി കിടക്കുന്ന അഞ്ച് കണ്ടെയ്‌നറുകൾ കണ്ടെത്തി 15 പേരെ രക്ഷിച്ചു. വൈകിട്ട് അഞ്ച് മണിയോടെ 17 പേരെ കൂടി കണ്ടെത്തി. റോഡിലെ മഞ്ഞു നീക്കാൻ ജനറൽ റിസർവ് എൻജിനിയർ ഫോഴ്സ് രംഗത്തുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന,​ബോർഡർ റോഡ്സ് ഓർഗനൈസേഷൻ,ഐ.ടി.ബി.പി,ഉത്തരാഖണ്ഡ് പൊലീസ് അംഗങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തി.

വെല്ലുവിളിയായി

കാലാവസ്ഥ

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. മേഖലയിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. പലയിടങ്ങളിൽ മഴയും റോഡുകൾ മഞ്ഞുമൂടി കിടക്കുന്നതും ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടതും രക്ഷാപ്രവർത്തനത്തെ വലച്ചു. ഹെലികോപ്‌റ്റർ-ഡ്രോൺ ഉപയോഗിക്കലിനും തടസം നേരിട്ടു. ഈ വെല്ലുവിളികൾക്കിടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോയതും ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തിയതും.

ഹിമാചലിൽ

മിന്നൽ പ്രളയം

ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്‌ടം. ഒട്ടേറെ വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. പ്രധാന റോഡുകൾ തകർന്നു. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ദേശീയപാതകൾ ഉൾപ്പെടെ 200ൽപ്പരം റോഡുകൾ അടച്ചിട്ടു. മഞ്ഞുവീഴ്ച രൂക്ഷമാണ്. അധികൃതർ ഹിമപാത മുന്നറിയിപ്പ് നൽകി. മണാലിയിലും കുളുവിലും വൈദ്യുതി വിതരണം തടസപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ജമ്മു കാശ്‌മീരിലും ലഡാക്കിലും വൻ മഞ്ഞുവീഴ്ചയാണ്. ലഡാക്കിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360