
ന്യൂഡൽഹി: ജുഡിഷ്യൽ ജോലിയിലെ മോശം പ്രകടനത്തിന്റെ പേരിൽ രണ്ട് വനിതാ സിവിൽ ജഡ്‌ജിമാരെ പുറത്താക്കിയ മദ്ധ്യപ്രദേശ് ഹൈക്കോടതി നടപടി സുപ്രീംകോടതി റദ്ദാക്കി. സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്തുള്ള വിധിയാണിത്. സരിത ചൗധരി,അദിതി കുമാർ ശർമ്മ എന്നിവരെ തിരിച്ചെടുക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന,എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. പുരുഷന്മാർക്ക് ആർത്തവമുണ്ടായാലേ ബുദ്ധിമുട്ട് മനസിലാകൂവെന്ന് ഈകേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചത് ചർച്ചയായിരുന്നു. സർവീസിലിരിക്കെ അദിതി കുമാർ ശർമ്മയുടെ ഗർഭം അലസി. സഹോദരന് ക്യാൻസർ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ഇത്. ഗർഭച്ഛിദ്രത്തിന് വിധേയയായ സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി നിലപാടെടുത്തു.
വനിതാ ജഡ്‌ജിമാർ സ്ഥിരമായി മോശം പ്രകടനം നടത്തുന്നതായി ഹൈക്കോടതിയുടെ റിപ്പോർട്ടിലില്ല. ശിക്ഷയെന്ന നിലയിലാണ് പുറത്താക്കൽ. 15 ദിവസത്തിനകം വനിതാ ജഡ്‌ജിമാരെ തിരിച്ചെടുക്കണം. സീനിയോറിറ്രി പുനഃസ്ഥാപിക്കണം. മാറ്റിനിറുത്തിയ സമയത്തെ ആനുകൂല്യങ്ങൾ നൽകണമെന്നും ഉത്തരവിട്ടു. 2023 ജൂണിലാണ് സരിത ചൗധരി,പ്രിയ ശർമ്മ,രചനാ അതുൽക്കർ ജോഷി,അദിതി കുമാർ ശർമ്മ,സൊണാക്ഷി ജോഷി,ജ്യോതി ബർഖഡെ എന്നീ സിവിൽ ജഡ്‌ജിമാരെ മദ്ധ്യപ്രദേശ് ഹൈക്കോടതി മോശം പ്രകടനത്തിന്റെ പേരിൽ പുറത്താക്കിയത്. വിഷയത്തിൽ 2024 ജനുവരിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതിക്ക് നിർദ്ദേശം നൽകി. നാലു പേരെ വ്യവസ്ഥകളോടെ തിരിച്ചെടുത്തെങ്കിലും, സരിത ചൗധരി - അദിതി കുമാർ ശർമ്മ എന്നിവർക്കെതിരെ നിലപാട് തുടരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |