
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും തയ്യാറെടുക്കുന്നു. ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ധാരണയായത്. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ പങ്കാളിത്തത്തിന് പുതിയ ഗതിവേഗവും ഊർജ്ജവും ഉത്സാഹവും നൽകിയെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ മോദി പറഞ്ഞു.
വ്യാപാരം,സാങ്കേതികവിദ്യ,നിക്ഷേപം,നവീകരണം,ഹരിതവളർച്ച,സുരക്ഷ, വൈദഗ്ദ്ധ്യം,മൊബിലിറ്റി എന്നീ മേഖലകളിലെ സഹകരണത്തിനായി രൂപരേഖയും തയ്യാറാക്കി. യൂറോപ്പിനും ഇന്ത്യയ്‌ക്കുമിടയിൽ അവിഭാജ്യ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് 2025 വർഷമെന്ന് ഉർസുല പ്രതികരിച്ചു.
20 മന്ത്രിതലയോഗങ്ങൾ
വിവിധ മേഖലകളിലെ പങ്കാളിത്തം മെച്ചപ്പെടുത്താൻ 20 മന്ത്രിതലയോഗങ്ങൾ ഇന്നലെ നടന്നു. നിക്ഷേപം,സാങ്കേതികവിദ്യ,സെമികണ്ടക്ടറുകൾ,നിർമ്മിതബുദ്ധി(എ.ഐ),6ജി എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായി. ഹരിത ഹൈഡ്രജൻ വേദിയും,ഓഫ്‌ഷോർ പവനോർജ വ്യാവസായിക ഉച്ചകോടിയും നടത്താൻ തീരുമാനിച്ചു. വൈദ്യുതവാഹന ബാറ്ററികൾ,മറൈൻ പ്ലാസ്റ്റിക്കുകൾ,ഹരിത ഹൈഡ്രജൻ എന്നിവയിൽ സംയുക്ത ഗവേഷണം നടത്തും. സുസ്ഥിര നഗരവികസനത്തിന് സംയുക്ത പദ്ധതി മുന്നോട്ടുകൊണ്ടുപോകും. 2025നു ശേഷമുള്ള പങ്കാളിത്തത്തിനായി മാർഗരേഖ തയ്യാറാക്കാൻ തീരുമാനിച്ചു. അടുത്ത ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഇതിനു തുടക്കം കുറിക്കും.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുമായി മുന്നോട്ടു പോകും
സൈബർ സുരക്ഷ,സമുദ്രസുരക്ഷ,ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കും
ഇന്തോ-പസഫിക് മേഖലയിലെ സമാധാനം,സുരക്ഷ,സ്ഥിരത,സമൃദ്ധി എന്നിവയുടെ പ്രാധാന്യം ഇരുപക്ഷവും അംഗീകരിച്ചു
അക്കാഡമിക്-ഗവേഷണ-വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പുതിയ കരാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |