
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം ഇല്ലാതാക്കാൻ കരട് മാർഗരേഖ തയ്യാറായതായി യു.ജി.സി സുപ്രീംകോടതിയെ അറിയിച്ചു. പൊതുജനങ്ങളുടെ അഭിപ്രായമറിയാൻ കരട് പുറത്തുവിടുമെന്നും അറിയിച്ചു. ദളിത് വിദ്യാർത്ഥികളായിരുന്ന രോഹിത് വെമുലയുടെയും ഡോ. പായൽ തഡ്‌വിയുടെയും ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും അമ്മമാർ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി പരിഗണിക്കവെയാണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട് 1,503 പരാതികൾ ലഭിച്ചിരുന്നു. അതിൽ 1,426 പരാതികളിൽ നടപടിയെടുത്തതായി യു.ജി.സി അറിയിച്ചു.
അതേസമയം,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം നേരിടാൻ ശക്തമായ സംവിധാനം വേണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്,എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും ഉൾപ്പെടെയുണ്ടാകുന്ന ആത്മഹത്യകൾ ദൗർഭാഗ്യകരമാണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ 14 മാസത്തിനിടെ 18 ആത്മഹത്യകൾ നടന്നുവെന്ന് ഹർജിക്കാരുടെ അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതികരണം. ദളിത് വിദ്യാർത്ഥികൾക്ക് മികച്ച അന്തരീക്ഷമൊരുക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന രോഹിത് വെമുലയുടെ അമ്മ രാധികയും പായൽ തഡ്‌വിയുടെ അമ്മ അബേദ സലീമിന്റെയും ഹർജി എട്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |