
മുംബയ്: മകളെയും സുഹൃത്തുക്കളെയും ശല്യംചെയ്‌തെന്ന പരാതിയുമായി കേന്ദ്രമന്ത്രി പൊലീസ് സ്‌റ്റേഷനിൽ. കേന്ദ്ര യുവജനകാര്യവകുപ്പ് സഹമന്ത്രിയും ബി.ജെ.പി നേതാവുമായ രക്ഷ ഖഡ്സെയാണ് പരാതി നൽകിയത്. ദൽഗാവിലെ മുക്തായിനഗർ പൊലീസ് സ്റ്റേഷനിൽ പാർട്ടി പ്രവർത്തകർക്കും അനുയായികൾക്കുമൊപ്പം നേരിട്ടെത്തുകയായിരുന്നു.
ശിവരാത്രി ദിനത്തിൽ നടന്ന ശാന്ത് മുക്തായ് യാത്രയ്ക്കിടെ തന്റെ മകളെയും മറ്റു പെൺകുട്ടികളെയും ചില യുവാക്കൾ ശല്യം ചെയ്‌തെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉറപ്പുനൽകി. അനികേത് ഖൂയി എന്നയാളും ഇയാളുടെ ആറ് സുഹൃത്തുക്കളും ചേർന്നാണ് ശല്യംചെയ്തതെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് ആറുപേർക്കായി തിരച്ചിൽ തുടരുകയാണെന്നും പറഞ്ഞു.
ചെയ്തത് തരംതാണ പ്രവൃത്തിയാണ്. ഇത്തരം ഉപദ്രവം ഒരിക്കലും പൊറുക്കാനാകില്ല. പ്രതികൾക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കും
-ദേവേന്ദ്ര ഫഡ്നാവിസ്
മഹാരാഷ്ട്ര മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |