
ലണ്ടൻ: യുകെയിൽ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോടതിയിൽ വിചിത്ര വാദവുമായി പ്രതി. മദ്യം കഴിച്ചതിന് പിന്നാലെ തന്റെ ശരീരത്തിൽ സാത്താൻ കയറിയതാണെന്നാണ് അഫ്ഗാൻ യുവാവിന്റെ വാദം. ഇരുപത്തൊൻപതുകാരനായ സുൽത്താനി ബകതാഷ് എന്നയാളാണ് ബോൾട്ടൺ ക്രൗൺ കോടതിയിലെ വിചാരണയ്ക്കിടെ ഇക്കാര്യം പറഞ്ഞത്. കേസിൽ തനിയ്ക്കെതിരായ എല്ലാ കുറ്റങ്ങളും നിഷേധിച്ചതിന് പിന്നാലെയായിരുന്നു ഇയാളുടെ വിചിത്ര വാദം.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുൽത്താനി ബകതാഷ് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് സ്വദേശികളായ പതിനാല് വയസ് പ്രായമുള്ള പെൺകുട്ടികളെ തന്റെ ബോൾട്ടണിലെ ഫ്‌ളാറ്റിലേക്ക് ക്ഷണിയ്ക്കുകയും മദ്യം നൽകി ബോധരഹിതരാക്കി പീഡിപ്പിക്കുകയുമായിരുന്നെന്നാണ് കേസ്.
എന്നാൽ, താൻ പീഡിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ പ്രതി പെൺകുട്ടികൾക്ക് പത്തൊൻപത് വയസായെന്നാണ് താൻ കരുതിയിരുന്നതെന്നും സുഹൃത്തുക്കളെന്ന രീതിയിലാണ് ഫ്ലാറ്റിലേയ്ക്ക് ക്ഷണിച്ചതെന്നും കോടതിയിൽ വാദിച്ചു. പെൺകുട്ടികളാണ് തനിയ്ക്ക് മിക്സഡ് ഡ്രിംഗ് ഉണ്ടാക്കി തന്നതെന്നും മദ്യപിച്ച ശേഷം തന്റെ ബോധം നഷ്ടമായെന്നും ഇയാൾ പറഞ്ഞു.
മദ്യം കഴിച്ചതിന് ശേഷം എന്താണ് നടന്നതെന്ന് തനിക്ക് ഓർമ്മയില്ലെന്നാണ് ഇയാളുടെ പക്ഷം. തന്റെ ഉള്ളിൽ സാത്താൻ കയറിയതുപോലെ അനുഭവപ്പെട്ടെന്നും സുൽത്താനി കോടതിയിൽ പറഞ്ഞു. പെൺകുട്ടികൾ ഉറക്കെ സംസാരിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് അവരെ ഫ്‌ളാറ്റിന് പുറത്താക്കിയെന്നും ഇയാൾ കോടതിയിൽ വാദിച്ചു. താൻ ആരെയും ഒന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച സുൽത്താനി തനിയ്ക്കെതിരായ പരാതി വ്യാജമാണെന്നും ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |