ബെൽഫാസ്റ്റ്: പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലാൻഡിനെതിരായ രണ്ട് മത്സരപരമ്പരയിലെ ആദ്യ ട്വന്റി 20യിൽ 34 റൺസ് തോൽവിയാണ് ഇന്ത്യയ്ക്കുണ്ടായത്. തുടക്കം മുതൽ പിഴച്ച ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് ആൾഔട്ടായി. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് രക്ഷകനായ മലയാളി താരം സഞ്ജു സാംസണും ആദ്യ മത്സരത്തിൽ അടിതെറ്റി. വെറും അഞ്ച് റൺസിൽ വിക്കറ്റ് തെറിച്ചാണ് സഞ്ജു ബെഞ്ചിലേക്ക് കയറിയത്. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതായതോടെ സഞ്ജുവിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
ഇപ്പോഴിതാ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിൽ ടീമിന് പുറത്തിരിക്കുമെന്നാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ മുന്നറിയിപ്പ് നൽകുന്നത്. ഈ കളിയാണ് അടുത്ത മത്സരങ്ങളിലും പുറത്തെടുക്കുന്നതെങ്കിൽ കൗമാര താരം വൈഭവ് സൂര്യവംശി ടീമിൽ ഇടം പിടിക്കുമെന്നും മഞ്ജരേക്കർ മുന്നറിയിപ്പ് നൽകുന്നു. ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നെങ്കിലും 15കാരനായ വൈഭവ് സൂര്യവംശിക്ക് ഇന്നലെ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയില്ല. രണ്ടാം മത്സരം നാളെ നടക്കുമ്പോൾ വൈഭവിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.
ശ്രീലങ്ക എ ടീമിനെതിരെ 11 പന്തുകളിൽ അർദ്ധസെഞ്ച്വറി നേടിയതിന്റേയും ഐപിഎല്ലിലെ അതിഗംഭീര പ്രകടനത്തിന്റേയും മികവിലാണ് വൈഭവ് ഇന്ത്യൻ ടീമിലെത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ വൈഭവ് കളിച്ചെങ്കിലും ഫലത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് സഞ്ജയ് പറയുന്നത്.
'അഭിഷേക് ചെയ്തതുപോലെ, ഒരുപക്ഷേ, കുറച്ചുകൂടി നന്നായി വൈഭവ് കളിക്കേണ്ടിവരും. ആദ്യ ആറ് ഓവറുകളിൽ കളി മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടത്. തുടർന്നുള്ള ഓവർ ആക്കത്തിൽ വേണം കളിക്കാൻ. പിന്നാലെ വരുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കണം. ആദ്യ ഓവറുകളിൽ സിക്സ് കണ്ടെത്താൻ വൈഭവിന് കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും. എന്നാൽ ദംബുള്ളയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും അദ്ദേഹത്തിന് സിക്സറുകൾ പലപ്പോഴും ലഭിക്കുന്നില്ലെന്ന് നമ്മൾ കണ്ടതാണ്'- അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |