SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

ഉത്തരാഖണ്ഡ് ഹിമപാതം: മരണം എട്ട് ആയി

utharakhand-ava

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മന-ബദ്രിനാഥ് മേഖലയിൽ വെള്ളിയാഴ്ചയുണ്ടായ ഹിമപാതത്തിൽ മരണം എട്ടായി. മഞ്ഞുമലയ്‌ക്കുള്ളിൽ കുടുങ്ങിയ ഒരാളെ ഇന്നലെ രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡ് സ്വദേശികളായ അനിൽ കുമാർ, അരവിന്ദ് കുമാർ സിംഗ്, ഹിമാചൽ സ്വദേശി ഹർമേഷ് ചന്ദ്, ഉത്തർപ്രദേശ് സ്വദേശി അശോക് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്. മോഹീന്ദ്ര പാൽ, ജിതേന്ദ്ര സിംഗ്(ഹിമാചൽ പ്രദേശ്), മഞ്ജീത് യാദവ്(ഉത്തർപ്രദേശ്) ,അലോക് യാദവ്(ഉത്തരാഖണ്ഡ്) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്‌ച കണ്ടെത്തിയിരുന്നു. 54 തൊഴിലാളികളിൽ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌.ഡി‌.ആർ‌.എഫ്) ഡോഗ് സ്‌ക്വാഡിന്റെയും ഡൽഹിയിൽ നിന്ന് ഗ്രൗണ്ട് പെനട്രേഷൻ റഡാറിന്റെയും സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വെള്ളിയാഴ്‌ച പുലർച്ചെ അഞ്ചോടെയായിരുന്നു ദുരന്തം. ചമോലി ജില്ലയിലെ ടിബറ്റൻ അതിർത്തിയോട് ചേർന്ന മനാ ഗ്രാമത്തിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) ലേബർ ക്യാമ്പിലുണ്ടായിരുന്ന തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു.

ക്യാമ്പിലെ എട്ട് കണ്ടെയ്‌നർ ഷെഡുകളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളികൾ. മഞ്ഞുമലയ്‌ക്കൊപ്പം ഉരുണ്ടുമാറിയ കണ്ടെയ്‌നുകൾ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. കനത്ത മഞ്ഞുവീഴ്ചയും കഠിനമായ കാലാവസ്ഥയും കാര്യമാക്കാതെ രാത്രി മുഴുവൻ തെരച്ചിൽ നടത്തിയിരുന്നു. രക്ഷപ്പെട്ടവരെ ഹെലികോപ്‌ടർ മാർഗം ജോഷിമഠിലെ സൈനിക ആശുപത്രിയിലും റിഷികേഷ് എയിംസിലും എത്തിച്ചു. 55 തൊഴിലാളികൾ അപകടത്തിൽപ്പെട്ടെന്നാണ് ആദ്യം റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഒരു തൊഴിലാളി ആരോടും പറയാതെ അവധിയെടുത്ത് നാട്ടിൽ പോയതിനാൽ സുരക്ഷിതനാണെന്ന് കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360