SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

യുവ കോൺ. പ്രവർത്തകയുടെ മൃതദേഹം ട്രോളി ബാഗിൽ

rahul

ചണ്ഡിഗർ: ഹരിയാനയിൽ യുവ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷേിച്ച നിലയിൽ. 

സോനെപട്ടിലെ കഥുര സ്വദേശി ഹിമാനി നർവാളിന്റെ (23)​ മൃതദേഹമാണ് കണ്ടെത്തിയത്.

റോഹ്‌തക് ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപമാണ് ട്രോളി ബാഗ് കിടന്നത്. നാട്ടുകാ‌ർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഹിമാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ആസൂത്രിത കൊലപാതകമാണെന്ന് സാംപ്ല പൊലീസ് സ്റ്റേഷൻ ഇൻചാർജ് ബജേന്ദർ സിംഗ് വ്യക്തമാക്കി.
കഴുത്തിൽ മുറിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.

അതേസമയം,​ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള സംഭവം സംസ്ഥാനത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ശക്തമായി അപലപിച്ചു. അതിവേഗം നടപ‌ടിയെടുക്കണമെന്നും കുറ്റക്കാരെ പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് റോഹ്‌തക് എം.എൽ.എ ഭരത് ഭൂഷൺ ബത്ര പ്രതികരിച്ചു. പ്രതിക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും പറഞ്ഞു.

റോഹ്‌തക്കിലെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്നു ഹിമാനി. 2023ൽ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തു. ഭൂപീന്ദർ ഉൾപ്പെടെ നിരവധി പേർ  ഹിമാനിയുടെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.

ഒരു പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിൽ ഉപേക്ഷിച്ച സംഭവം അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ തകർച്ചയാണ്. സംസ്ഥാനത്ത് ജംഗിൽ രാജാണ്.

-ഭൂപീന്ദർ ഹൂഡ

ഹരിയാന

മുൻ മുഖ്യമന്ത്രി

വൈരാഗ്യമുള്ളവരുണ്ട്

സംഭവത്തിൽ പ്രതികരണവുമായി യുവതിയുടെ അമ്മ രംഗത്തെത്തി. ഹിമാനിയുടെ പെട്ടെന്നുള്ള വളർച്ചയും മുതിർന്ന നേതാക്കളുമായുള്ള അടുപ്പവും പാർട്ടിയിലെ മറ്റുള്ളവർക്കിടയിൽ വൈരാഗ്യത്തിന് കാരണമായെന്ന് അമ്മ സവിത പ്രതികരിച്ചു. ഹരിയാനയിൽ ഏറെ സ്വാധീനമുള്ള ഹൂഡ കുടുംബവുമായുള്ള അടുപ്പവും രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിൽ പങ്കെടുത്തതും പലരിലും അമർഷത്തിന് കാരണമായി.

തിരഞ്ഞെടുപ്പും പാർട്ടിയുമാണ് എന്റെ മകളുടെ ജീവനെടുത്തത്. അവളെ കൊലപ്പെടുത്തിയത് പാർട്ടിയിൽനിന്നുള്ളവരോ അവളുടെ തന്നെ സുഹൃത്തുക്കളോ ആകും. കഴിഞ്ഞ 28ന് അവൾ വീട്ടിലുണ്ടായിരുന്നു.നീതി ലഭിക്കും വരെ അവളുടെ അന്ത്യകർമങ്ങൾ ചെയ്യില്ല.ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ ഭയന്നാണ് ജീവിച്ചിരുന്നത്. 2011ലാണ് മകൻ കൊല്ലപ്പെട്ടത്, അതിൽ ഞങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചില്ല. അതുകൊണ്ടു തന്നെ മറ്റൊരു മകനെ ബി.എസ്.എഫ് ക്യാമ്പിലാക്കി. തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി കാര്യത്തിൽ മകൾ നിരാശയിലായിരുന്നു. ഒരു ജോലി വേണമെന്നും പാർട്ടിക്കു വേണ്ടി അധികം പ്രവർത്തിക്കാൻ താത്പര്യമില്ലെന്നും അവൾ പറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി അവൾ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുകയാണ്. അവൾ വിവാഹത്തിനും സമ്മതിച്ചിരുന്നു. എൽ.എൽ.ബിക്ക് പഠിക്കുകയായിരുന്നു. ആശ ഹൂഡയെ വിളിച്ചിരുന്നെങ്കിലും അവർ ഫോണെടുത്തില്ല- സവിത പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360