
ന്യൂഡൽഹി: ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് കേന്ദ്ര സർക്കാർ മുൻതൂക്കം നൽകുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിക്ക് നേതൃത്വം നൽകുന്നത് സ്ത്രീകളാണ്. അവർക്ക് ബഹുമാനവും സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കുന്നു. രാജ്യത്തിന്റെ ആത്മാവ് ഗ്രാമീണ ഇന്ത്യയിലാണെന്ന് ഗാന്ധിജി പറഞ്ഞു. ഗ്രാമീണ ഇന്ത്യയുടെ ആത്മാവ് ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണത്തിലാണെന്ന് കൂട്ടിച്ചേർക്കുകയാണെന്നും മോദി പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ നവ്സാരിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയുടെ സംഘാടകരും മോദിയുടെ സുരക്ഷാ ചുമതല നിർവഹിച്ചതും സ്‌ത്രീകളായിരുന്നു. അവരെ മോദി അഭിനന്ദിച്ചു. ഈ പരിപാടിയിൽ സ്ത്രീശക്തി കാണാൻ കഴിയും. സ്ത്രീകൾ പരിപാടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇത്രയും വലിയ ഒരു പരിപാടിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന പൊലീസുകാരും ഉദ്യോഗസ്ഥരും സ്ത്രീകളാണ്. കോൺസ്റ്റബിൾമാർ, എസ്.പിമാർ, ഡി.എസ്.പിമാർ മുതൽ മുതിർന്ന ഉദ്യോഗസ്ഥർ വരെ. - അദ്ദേഹം പറഞ്ഞു. പരിപാടിക്ക് ശേഷം മോദി വനിതാ പൊലീസുകാരുമായി സംവദിച്ചു.
സോഷ്യൽ മീഡിയ
ചുമതല സ്‌ത്രീകൾക്ക്
വനിതാ ദിനത്തോടനുബന്ധിച്ച് ഇന്നലെ മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിവിധ മേഖലകളിൽ ശ്രദ്ധ നേടിയ വനിതകളാണ് കൈകാര്യം ചെയ്‌തത്. തമിഴ്നാട് സ്വദേശി ചെസ് ഗ്രാൻഡ്മാസ്റ്റർ വൈശാലി രമേശ് ബാബു, ഭുവനേശ്വർ സ്വദേശി മുംബയ് ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞ എലീന മിശ്ര, മദ്ധ്യപ്രദേശ് സ്വദേശിയായ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞ ശിൽപി സോണി, ബീഹാറിലെ നളന്ദ ജില്ലയിൽ നിന്നുള്ള മഷ്റൂം ലേഡി എന്നറിയപ്പെടുന്ന അനിത ദേവി, സംരംഭകയായ ജയ്‌പൂർ സ്വദേശി അജയ്‌താ ഷാ, ന്യൂഡൽഹി സമർത്ഥ്യം സെന്റർ ഫോർ യൂണിവേഴ്സൽ ആക്സസിബിലിറ്റി സ്ഥാപക ഡോ. അഞ്ജലി അഗർവാൾ എന്നിവരാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്‌തത്. ഇവർ അക്കൗണ്ടിലൂടെ പരിചയപ്പെടുത്തുകയും വനിതാ ശാക്തീകരണ സന്ദേശങ്ങൾ അയയ്‌ക്കുകയും ചെയ്‌തു. 2020ൽ, ഏഴ് വനിതകൾ മോദിയുടെ സമൂഹമാദ്ധ്യമങ്ങളുടെ ചുമതല ഏറ്റെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |