
2031ൽ ചീഫ് ജസ്റ്റിസായേക്കും
ന്യൂഡൽഹി : കൽക്കട്ട ഹൈക്കോടതി ജഡ്‌ജി ജോയ്‌മല്യ ബാഗ്ചിയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങി. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ഇക്കാര്യമറിയിച്ചത്. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ച് നിയമന ഉത്തരവ് ഇറങ്ങുകയായിരുന്നു.
മാർച്ച് ആറിനാണ് ബാഗ്ചിയുടെ സ്ഥാനക്കയറ്റത്തിന് കൊളീജിയം കേന്ദ്രസർക്കാരിന് ശുപാർശ അയച്ചത്. സുപ്രീംകോടതിക്ക് അനുവദിച്ചിട്ടുള്ള ജഡ്‌ജിമാരുടെ അംഗബലം 34 ആണ്. ബാഗ്ചി ചുമതലയേൽക്കുന്നതോടെ ഒരു ഒഴിവ് മാത്രമാകും ഇനി നികത്താനുള്ളത്.
ചീഫ് ജസ്റ്റിസാകാൻ സാദ്ധ്യതയുള്ള മലയാളി ജഡ്‌ജി കെ.വി.വിശ്വനാഥൻ 2031മേയിൽ റിട്ടയറാകുന്നതോടെ, അടുത്ത ഊഴം ജോയ്‌മല്യ ബാഗ്ചിക്ക് ആയിരിക്കും. ആകെ ആറു വർഷത്തിലധികം സർവീസ് സുപ്രീംകോടതിയിൽ ലഭിക്കും. ജസ്റ്റിസ് അൽത്തമാസ് കബീറിന് ശേഷം കൽക്കട്ട ഹൈക്കോടതിയിൽ നിന്നുള്ള ജഡ്‌ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസാകാത്തത് കൊളീജിയം പരിഗണിച്ചിരുന്നു. 2011 ജൂണിലാണ് ബാഗ്ചി കൽക്കട്ട ഹൈക്കോടതി ജഡ്‌ജിയായത്. കുറച്ചുകാലം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ പ്രവർത്തിച്ചെങ്കിലും വീണ്ടും കൽക്കട്ട ഹൈക്കോടതിയിലെത്തി.
ഹൈക്കോടതി ജഡ്‌ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റിയിൽ 11ാം സ്ഥാനത്തുള്ള ബാഗ്ചിയെ സീനിയോറിറ്രി മറികടന്ന് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തെന്ന് ആരോപണമുയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |