
ബംഗളൂരു: കന്നട നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ സി.ഐ.ഡി (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്‌മെന്റ്) അന്വേഷണ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. തിങ്കളാഴ്ച രാത്രിയാണ് അന്വേഷണ ഉത്തരവ് ഇറക്കിയത്. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെക്കുറിച്ചും കേസിൽ അവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കാനായിരുന്നു ഉത്തരവ്. കേസ് സി.ബി.ഐ ഏറ്റെടുത്ത് രണ്ട് ദിവസത്തിനുശേഷമാണ് സർക്കാർ നീക്കം.കേസിൽ ഡി.ജി.പി റാങ്കിലുള്ള രന്യയുടെ രണ്ടാനച്ഛൻ രാമചന്ദ്ര റാവുവിന്റെ പങ്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അഡീഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും അതുകൊണ്ടാണ് ഉത്തരവ് പിൻവലിച്ചതെന്നുമാണ് സർക്കാരിന്റെ വിശദീകരണം. സ്വർണക്കടത്തിൽ പ്രോട്ടോക്കോൾ അവകാശങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും റാവുവിന് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷന്റെ മാനേജിംഗ് ഡയറക്ടറാണ് റാവു.
സഹായം നൽകാൻ നിർദ്ദേശിച്ചെന്ന്
കോൺസ്റ്റബിൾ
അതിനിടെ കേസിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ് ഉദ്യോഗസ്ഥൻ. രാമചന്ദ്രറാവുവിന്റെ നിർദ്ദേശപ്രകാരമാണ് വിമാനത്താവളത്തിൽ നടിക്കുവേണ്ട സഹായങ്ങൾ ചെയ്തതെന്ന് പൊലീസ് കോൺസ്റ്റബിൾ ബസവരാജ്. സംഭവദിവസം ബസവരാജ് വിമാനത്താവളത്തിലെ പ്രോട്ടോക്കോൾ ഓഫീസറായിരുന്നു, നടിയുടെ സ്വർണക്കടത്തിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും എന്നാൽ വർഷങ്ങളായി പരിചയമുണ്ടായിരുന്നെന്നും ഇയാൾ ഡി.ആർ.ഐയ്ക്ക് മൊഴി നൽകിയതായാണ് റിപ്പോർട്ട്. പ്രൊഫഷണൽ ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രാമചന്ദ്രറാവുവിന്റെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തത്. നടിയുടെ വരവും പോക്കും സുഗമമാക്കുക എന്നതായിരുന്നു ചുമതല. സംഭവ ദിവസം വൈകിട്ട് 6.20ഓടെ നടി ഫോണിൽ വിളിച്ചു. താൻ ദുബായിൽനിന്ന് വരുന്നുണ്ടെന്നും പ്രോട്ടോക്കോൾ സഹായം വേണമെന്നുമാണ് അറിയിച്ചത്. വിമാനത്താവളത്തിൽനിന്ന് പുറത്തുകടക്കുന്നതുവരെ നടിക്കൊപ്പം ഉണ്ടായിരുന്നു. പിന്നാലെയാണ് ഡി.ആർ.ഐ സംഘം പിടികൂടിയത്. മൂന്നോ നാലോ തവണ താൻ അവർക്ക് പ്രോട്ടോക്കോൾ സഹായം നൽകിയിട്ടുണ്ടെന്നും എന്നാൽ കൃത്യമായ ദിവസവും സമയവും ഓർമ്മിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ബസവരാജിന്റെ സാന്നിദ്ധ്യത്തിലാണ് മഹസർ തയ്യാറാക്കിയത്. നാലാം തീയതി ബസവരാജിനെ വിശദമായി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മൊഴി കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിലും ഉൾപ്പെടുത്തിയിരുന്നു.
അതിനിടെ, രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ വിവിധയിടങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച പരിശോധന നടത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ അഡിഷണൽ ഡയറക്ടറുടെ പരാതിയിൽ സി.ബി.ഐയും കേസെടുത്തിരുന്നു.
മാർച്ച് മൂന്നാം തീയതിയാണ് നടി രന്യ റാവുവിനെ 14.2 കിലോ സ്വർണവുമായി ബെംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയത്. ഇതിനുപിന്നാലെ നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടുകോടിയോളം രൂപയുടെ സ്വർണാഭരണങ്ങളും പണമായി രണ്ടുകോടി രൂപയും പിടിച്ചെടുത്തിരുന്നു.
ജാമ്യാപേക്ഷയിൽ ഇന്ന് വിധി
രന്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. രന്യയുടെ ഭർത്താവ് ജതിൻ ഹുക്കേരിയുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. 17ന് കേസ് വീണ്ടും പരിഗണിക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡർ ഡി.ആർ.ഐയോട് നിർദ്ദേശിച്ചു. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തി അപമാനിക്കുന്നതായി ആരോപിച്ച് ജതിൻ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. രന്യ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. 6 മാസത്തിനിടെ 27 തവണ നടി ദുബായ് യാത്രകൾ നടത്തിയിരുന്നു. യാത്രകളിൽ ഒപ്പമുണ്ടായിരുന്നതിനാലാണ് ജതിനിലേക്കും അന്വേഷണം നീണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |