
ന്യൂഡൽഹി: ബലൂചിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ ട്രെയിൻ റാഞ്ചൽ അടക്കമുള്ള വിധ്വംസക പ്രവൃത്തികളിൽ പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഇന്ത്യ. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്.
ട്രെയിൻ റാഞ്ചലുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ നടത്തിയ പത്രസമ്മേളനത്തിൽ, അഫ്ഗാനിസ്ഥാൻ ബന്ധമുണ്ടെന്ന സൂചന ലഭിച്ചതായി പറഞ്ഞിരുന്നു. പാകിസ്ഥാനിലെ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇപ്പോൾ അഫ്ഗാനിസ്ഥാൻ ആണോയെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇന്ത്യയെ ഇപ്പോഴും സംശയിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചത്. പാകിസ്ഥാനിൽ ഭീകരത പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ ഇടപെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അയൽ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ഇന്ത്യ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നു. ബി.എൽ.എയെ ഇന്ത്യ മഹത്വവത്‌കരിക്കുന്നതും അവരുടെ നയത്തിന്റെ ഭാഗം. എന്നാൽ ട്രെയിൻ തട്ടിക്കൊണ്ടുപോയവർക്ക് അഫ്ഗാനിസ്ഥാനിൽ നിന്ന് ഫോൺ കോളുകൾ വന്നതായി തെളിഞ്ഞെന്നും ഷഫ്ഖത്ത് കൂട്ടിച്ചേർത്തു. ആരോപണം അഫ്ഗാനിസ്ഥാനും നിഷേധിച്ചു.
മാർച്ച് 11 നാണ് 450 യാത്രക്കാരുമായി ജഫാർ എക്സ്പ്രസ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) തട്ടിയെടുത്തത്. യാത്രക്കാരെ മോചിപ്പിക്കാൻ സൈന്യം നടത്തിയ ഓപ്പറേഷനിൽ 33 ബി.എൽ.എ പ്രവർത്തകർ അടക്കം 58 പേർ മരിച്ചു.
സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്വം മറ്റുള്ളവർക്കുമേൽ ചുമത്തുകയാണവർ. ആരോപണം ഉന്നയിക്കുന്നതിന് പകരം പാകിസ്ഥാൻ സ്വയം വിലയിരുത്തൽ നടത്തണം.
-രൺധീർ ജയ്സ്വാൾ
വിദേശകാര്യ മന്ത്രാലയ വക്താവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |