SignIn
Kerala Kaumudi Online
Friday, 23 October 2026 10.36 AM IST

സ്വർണം നൽകിയത് 6 അടി ഉയരമുള്ളയാൾ: രന്യ

renya

ന്യൂഡൽഹി: 'ദുബായ് വിമാനത്താവളത്തിന്റെ മൂന്നാം നമ്പർ ടെർമിനലിലെ എ ഗേറ്റിന് സമീപം നിൽക്കാനാണ് അറിയിച്ചത്. എസ്പ്രസോ മെഷീന് മുന്നിൽ സ്വർണവുമായി ആളെത്തും. അറബ് വസ്ത്രം (കന്തുറ)​ ധരിച്ച് ആറടി ഉയരമുള്ള ഒരാളെത്തി. ആഫ്രിക്കൻ- അമേരിക്കൻ രീതിയിൽ സംസാരം. വലിയ ശരീര പ്രകൃതം. അധിക നേരം സംസാരിച്ചില്ല. സ്വർണം നൽകി മടങ്ങി "- സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവുവിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

ഇന്റർനെറ്റ് കോളിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് സ്വർണം വാങ്ങേണ്ടയാളെ ബന്ധപ്പെട്ടതെന്ന് രന്യ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ)
മൊഴി നൽകി. 'ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്താനായിരുന്നു നിർദ്ദേശം. പറഞ്ഞതുപോലെ മൂന്നാം ടെർമിനലിൽ വച്ച് സ്വർണം വാങ്ങി. ടാർപോളിൻ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ സ്വർണം നിറച്ച രണ്ട് പൊതികൾ അയാൾ നൽകി. പിന്നീട് കൈയിലുണ്ടായിരുന്ന ടേപ്പ് ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വർണം കെട്ടിവയ്ക്കുകയായിരുന്നു. വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് ടേപ്പ് കഷണങ്ങൾ തയ്യാറാക്കി വച്ചിരുന്നു".
ബംഗളൂരു വിമാനത്താവളത്തിലെത്തിയ രന്യയെ സഹായിക്കാനായി അവരുടെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർദ്ദേശിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം പൊലീസ് കോൺസ്റ്റബിൾ ഡി.ആർ.ഐക്ക് മൊഴി നൽകിയിരുന്നു. ഇതനുസരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. രന്യക്കുപിന്നിൽ വൻ റാക്കറ്റുകളുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണ്.

യു ട്യൂബ് വീഡിയോകൾ കണ്ടാണ് സ്വർണം എങ്ങനെ ഒളിപ്പിക്കണമെന്നത് രന്യ പഠിച്ചതെന്ന് ഡി.ആർ.ഐ അറിയിച്ചിരുന്നു. ഡി.ആർ.ഐക്ക് പുറമേ സി.ബി.ഐയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. 12.56 കോടി വിലമതിക്കുന്ന 14.8 കിലോഗ്രാം സ്വർണമാണ് രന്യ കടത്തിയത്.

ജാമ്യാപേക്ഷ തള്ളി

അതിനിടെ രന്യയുടെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തള്ളി. അറസ്റ്റ് ചെയ്തതിന് പിന്നാലെ രന്യയെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കൂട്ടുപ്രതിയായ തരുൺ രാജുവിനെ 15 ദിവസത്തേക്കും ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

രന്യ സ്വർണക്കടത്ത് സംഘത്തിന്റെ സുപ്രധാന കണ്ണിയാണെന്നും ദുബായിയിൽ നിന്ന് ഒരു കിലോ സ്വർണം ബംഗളൂരുവിൽ എത്തിക്കുന്നതിന് നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ കമ്മിഷനായി വാങ്ങുന്നുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360